Tuesday, July 15, 2008

ഒരു കൊച്ചു ദുഃഖം .

എല്ലാരും എന്താണിങ്ങനെ പറയുന്നതു , ഭയങ്കര വികൃതിയാണത്രെ !
ഞാനെന്തു ചെയ്തു ?
ഉണര്‍ന്നു വന്നപ്പോള്‍ കുറെ കാക്കകള്‍ മുറ്റത്ത്‌.പലതരം കാക്കകള്‍ , വലുതും ചെറുതും , അത് ചിലപ്പോള്‍ അമ്മയും കുഞ്ഞുമാകും .ഇത്രമാത്രം കാക്കകളോ! മരങ്ങളില്‍ , ഓടിന്റെ പുറത്ത് , റോഡരുകില്‍ , എവിടെയും കാക്കകള്‍ മാത്രം .ലോകത്തെ എല്ലാം ഇവിടെയാണെന്ന് തോന്നുന്നു . സന്ധ്യയായാലോ ഭയങ്കര ബഹളം , വര്‍ത്താനം പറയുകയായിരിക്കും .സ്കൂളിലെ കഥകള്‍ , കുഞ്ഞിക്കാക്കയോടും കാക്കക്കുട്ടികള്‍ വഴക്കിട്ടു കാണും , അതിന്റെ മിട്ടായിയും തട്ടിപ്പറിച്ചോടിക്കാണും. കുറെ മണ്ണ് വാരി എറിഞ്ഞു , ഒടിപ്പോകട്ടെ എല്ലാം. മുറ്റത്തിനപ്പുറത്ത് അരി ഉണങ്ങാനിട്ടിരിക്കുന്നത് ഞാന്‍ കണ്ടോ ?
വികൃതിയാണത്രെ !
ഇന്നലെ എന്തൊരു മഴയായിരുന്നു .നീണ്ട സൂചികള്‍ പോലെ മഴ താഴേക്ക് വരുന്നതു കാണാന്‍ നല്ല രസം . മുറ്റത്ത്‌ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുമിളകള്‍ പൊങ്ങുന്നത് കണ്ടോ , സൂചികൊണ്ടുള്ള കുത്തുകിട്ടുമ്പോള്‍ വെള്ളം മേലോട്ട് ചാടുകയാണ് . ചെറിയമ്മ കരഞ്ഞതോര്‍ത്തപ്പോള്‍ വിഷമം തോന്നി കുട്ടിക്ക്. തന്നെ നോക്കാന്‍ വന്നതാണ് .ചോറ് വാരിത്തരും , സ്കൂളില്‍ നിന്നും വന്നാല്‍ തല തോര്‍ത്തിത്തരും , പാട്ടുപാടിത്തരും .എന്നാലും ഇങ്ങനെ കുത്താമോ , പേന്‍ നോക്കുകാത്രേ . ചീപ്പ്കൊണ്ടു മുടി കുത്തിയെടുക്കുകയാണ് . ചീപ്പ് മുടിയാണ് തിന്നുന്നതെന്നു തോന്നുന്നു , കടിച്ചു പറിക്കുന്നതുപോലെ . തലയാനെന്കില്‍ വേദനിക്കുന്നുമുണ്ട് , വീണതിന്റെ ബാക്കി . സ്കൂള്‍ മുറ്റത്തു നിറയെ വെള്ളം കേട്ടിക്കിടക്കുകയാണ് , നേരെ നടന്നു , വഴുക്കി താഴെ വീണു. "ഹയ്യോ " തലയിടിച്ചത് കല്ലില്‍ . ചെളിയില്‍ കുളിച്ചു വീട്ടില്‍ ചെന്ന എന്നെ അമ്മ അടിക്കുകേം ചെയ്തു . ആ തലയിലാണ് പേന്‍ചീപ്പിട്ടു കുത്തുന്നത് .ഓടിയ എന്റെ പുറകെ ഓടാന്‍ ആര് പറഞ്ഞു ?
വല്യ കല്ലെടുത്ത്‌ കാട്ടി അടുത്ത്‌ വരരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞു , എന്നിട്ടും എന്നെ പിടിക്കാന്‍ നോക്കുകയാണ് . ഏറു ചെറിയമ്മയുടെ നെന്ചിനു താഴെയാണ് കൊണ്ടത് , ചുവന്നു കിടന്നിരുന്നു . പക്ഷെ എന്തിനാണാവോ കരഞ്ഞത് ! വേദനിച്ചിട്ടാവുമോ ? ഇല്ല , ആവാന്‍ വഴിയില്ല വല്യ ആള്‍ക്കാര്‍ക്ക് വേദന ഉണ്ടാവില്ല . എന്നെ പറ്റിക്കാന്‍ കരഞ്ഞതാവും . എന്നിട്ടും വികൃതിയാണത്രെ . മതിയായി .

11 comments:

അനില്‍@ബ്ലോഗ് // anil said...

ഏറു ചെറിയമ്മയുടെ നെന്ചിനു താഴെയാണ് കൊണ്ടത് , ചുവന്നു കിടന്നിരുന്നു . പക്ഷെ എന്തിനാണാവോ കരഞ്ഞത് ! വേദനിച്ചിട്ടാവുമോ ? ഇല്ല , ആവാന്‍ വഴിയില്ല വല്യ ആള്‍ക്കാര്‍ക്ക് വേദന ഉണ്ടാവില്ല

Sojo Varughese said...

കൊള്ളാല്ലോ മാഷേ! കുട്ടികളുടെ മനസ് അതേ നിഷ്കളങ്കതയോടെ പകര്‍ത്തിവെയ്ക്കാനുള്ള കഴിവിന് മുന്‍പില്‍ നമിച്ചു....

ബിന്ദു കെ പി said...

ഒരു കുട്ടിയുടെ നിഷ്കളങ്കമായ മനസ്സ് നന്നായി വരച്ചുകണിച്ചിരിക്കുന്നു. പക്ഷെ ഇടയ്ക്കിടെ ‘ഞാന്‍’ ‘അവന്‍’ ആയി മാറേണ്ടിയിരുന്നില്ല.

അനില്‍@ബ്ലോഗ് // anil said...

നന്ദി “കാക്ക”,
ബിന്ദു,
ഒരു ചെറിയ മാറ്റം വരുത്തി. ആദ്യമായാണെ കഥ പൊലെ എഴുതുന്നതു. ഇനി ശ്രദ്ധിക്കാം.

OAB/ഒഎബി said...

ഇപ്പഴും ആ തരത്തിലുള്ള
വിക്ര്തിയുമായാണൊ മാഷേ നടക്കുന്നത്?.
ആവാന്‍ വഴിയില്ല: വല്യ ആള്‍ക്കാര്‍ കൈ വക്കും!.
:)
കുഞ്ഞുമനസ്സിന്‍ നന്ദി..
പ്രിയത്തില്‍ ഒഎബി.

ശ്രീ said...

കൊള്ളാം മാഷേ... എന്തോ ഒരു പ്രത്യേക ഫീല്‍ കിട്ടി, ഇതു വായിച്ചപ്പോള്‍... ഞാനും കുറച്ചു നേരം ഒരു കുട്ടിയായി.
:)

നന്ദു said...

കുട്ടിത്തം നിറഞ്ഞ കഥ. തികച്ചും വ്യത്യസ്തം.
എന്റെ ബ്ലോഗിൽ വന്നപ്പോൾ ഞാനൊന്ന് എത്തി നോക്കിയതാ ആരാ ഈ വഴിപോക്കനെന്നറിയാൻ. സ്വാഗതം അനിൽ.

അജ്ഞാതന്‍ said...

നല്ല കുട്ടി..ഇനീം ഇതു പോലെ ഒക്കെ തന്നെ ചെയണമേ..

ഒ ടോ:ചീത്ത കുട്ടി എന്നു വല്ലതും പറഞ്ഞാൽ ചിലപ്പോൾ അടുത്ത കല്ല് എന്റെ നെഞ്ചത്താവും..നിക്കു വയ്യ ഏറുകൊള്ളാൻ

ഗിരീഷ്‌ എ എസ്‌ said...

മനോഹരം...
ഇനിയും ഒരുപാടെഴുതുക
ആശംസകള്‍

അനില്‍@ബ്ലോഗ് // anil said...

നന്ദി,
ഒഎബി, മനസ്സിനു മാറ്റമൊന്നുമില്ല കെട്ടൊ .
നന്ദി, ശ്രീ,നന്ദു, “അജ്ഞാതന്‍”, ദ്രൌപതി.

കാവാലം ജയകൃഷ്ണന്‍ said...

ഇത്‌ എന്‍റെ കഥയാണല്ലോ...

ധാരാളം പ്രതീക്ഷിക്കുന്നു ഹൃദയത്തില്‍ തൊടുന്നവ... (കല്ലുകണ്ടല്ല കേട്ടോ... കരളു കൊണ്ടു തൊടുന്നവ)

ആശംസകള്‍
ജയകൃഷ്ണന്‍ കാവാലം