Friday, July 25, 2008

ക്ലാസ്സ് ലീഡര്‍

എന്തൊരു ബഹളമായിരുന്നു , ഘോഷയാത്ര പോലെ ,അവനാലോചിക്കയാണ് .
രാവിലെ സ്കൂളില്‍ എത്തിയപാടെ ചേട്ടന്‍മാര്‍ വിളിച്ചുകൊണ്ടു പോയതാണ് .ഒരു മുറിയില്‍ കുറെ ആളുകള്‍ , മാഷുംമാരും ഉണ്ട് , എന്തൊക്കെയോ കടലാസ് അടുക്കി എണ്ണുന്നു, വോട്ടെണ്ണലാത്രേ . മാഷ്‌ പറഞ്ഞാണ് അറിഞ്ഞത് ,ജയിച്ചിരിക്കുന്നു , ഇനി അവനാണ് ക്ലാസ്സ് ലീഡര്‍. ആരോ വലിയൊരു മാലയിട്ടു , പൊക്കിയെടുത്തു തോളില്‍ കയറ്റി എന്തൊക്കെയോ വിളിച്ചുപറഞ്ഞു റോഡിലൂടെ നടന്നു .പഴയ സ്കൂളില്‍ ഈവക ബഹളമൊന്നുമില്ലായിരുന്നു . നാലാം ക്ലാസ്സ് ജയിച്ചതിനാല്‍ ഇവിടെയെത്തി , അമ്മ പഠിപ്പിക്കുന്ന സ്കൂള്‍ . വലിയ പരിചയക്കാരില്ല ,ഒരു കാര്യം തീര്‍ച്ച ,ഇവര്‍ റഷ്യക്കാരുടെ കൂട്ടുകാരാണ് .അങ്ങിനെ പറഞ്ഞാണ് അവനെ കൂട്ടിയത് . ലോകം കുലുക്കിയ പത്തുനാളുകള്‍ വായിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ . ത്സാര്‍ ചക്രവര്‍ത്തിയുടെ പ്രതിമ ഉടക്കുന്നതും ലെനിന്‍ പ്രസംഗിക്കുന്നതും എല്ലാം അമ്മയോട് ചോദിച്ചാണ് മനസ്സിലാക്കിയത് ,അവനിഷ്ടമായി,പണിയെടുക്കുന്ന ആള്‍ക്കാര്‍ക്ക് വേണ്ടിയാണത്രെ. അപ്പോള്‍ ഇവരും പണിക്കാരുടെ മക്കളായിരിക്കും . കൊടി വെളുത്തതാണെന്കിലും , നക്ഷത്രമുണ്ട് , അതും ചുവന്ന നക്ഷത്രം . വിപ്ലവം ജയിക്കട്ടെ എന്ന് വിളിച്ചു പറഞ്ഞാണ് നടപ്പ് , ഇതു തന്നെയാണ് ചെമ്പടയെ സ്വീകരിച്ചു റഷ്യാക്കാരും പറഞ്ഞതു .ഇവിടെയും വരുമായിരിക്കും വിപ്ലവം , ചെറിയച്ഛനെക്കാണുമ്പോള്‍ പറയണം വിപ്ലവം വരുന്ന കാര്യം .സുഖമാണ് പിന്നെ , പണിക്കാര്‍ക്കെല്ലാം നല്ല പൈസ കിട്ടും.
മനസ്സിലാവാഞ്ഞത് ശാന്തടീച്ചര്‍ പറഞ്ഞതാണ് ,കുറെ വഴക്ക് പറഞ്ഞു . ടീച്ചര്‍മാരുടെ കുട്ടികള്‍ ഇത്തരം ലഹളക്കാരുടെ കൂടെക്കൂടാന്‍ പാടില്ലാത്രേ ! ലഹളക്കാരോ? വിപ്ലവംന്നു പറഞ്ഞാല്‍ ലഹളയാണോ? കരച്ചില്‍ വരാതിരുന്നില്ല . നല്ലവരാണ് റഷ്യക്കാര്‍ ,എല്ലാ മാസവും അവന് പുസ്തകം അയച്ചു കൊടുക്കാറുണ്ട് , മിനുത്ത താളുകളുള്ള വലിയ പുസ്തകം .എന്നിട്ട് അവര്‍ ലഹളക്കാരാണെന്നോ?! ടീച്ചര്‍ ലോകം കുലുക്കിയ പത്തുനാളുകള്‍ വായിച്ചിട്ടുന്ടാവില്ല , പക്ഷെ മകന്റെ പേരെങ്ങിനെ ലെനിന്‍ വന്നു . അവനാണേല്‍ അന്ന് സ്കൂളില്‍ പോലും വന്നിട്ടില്ലായിരുന്നു . ഒരു കാര്യം മനസ്സിലായി , ടീച്ചര്‍മാര്‍ക്ക് വിപ്ലവം ഇല്ല , അല്ലെങ്കില്‍ ഹെഡ്മാഷും വഴക്ക് പറയുമോ .ഇനി അമ്മയെന്തു പറയുമേന്നോര്‍ത്തപ്പോള്‍ വേവലാതിഏറി . അല്ലേലും എല്ലാ ദിവസവും കിട്ടും അടി .
"സാരമില്ല , നന്നായി പഠിച്ചാല്‍ മതി .അനാവശ്യമായി വഴക്കുന്ടാക്കാതിരിക്കുക ,ശരിയുടെകൂടെ മാത്രം നില്‍ക്കുക . അച്ഛനോട് ഞാന്‍ പറഞ്ഞോളാം " അമ്മയുടെ വാക്കുകള്‍. ആ സാന്ത്വനത്തില്‍ അവന്‍ തുള്ളിച്ചാടി , അതിന്റെ ശക്തി അവനെ മുന്നോട്ടു നയിച്ചു , ജീവിതത്തില്‍ ഏറെ മുന്നോട്ട് .

16 comments:

അനില്‍@ബ്ലോഗ് said...

മാഷ്‌ പറഞ്ഞാണ് അറിഞ്ഞത് ,ജയിച്ചിരിക്കുന്നു , ഇനി അവനാണ് ക്ലാസ്സ് ലീഡര്‍. ആരോ വലിയൊരു മാലയിട്ടു , പൊക്കിയെടുത്തു തോളില്‍ കയറ്റി എന്തൊക്കെയോ വിളിച്ചുപറഞ്ഞു റോഡിലൂടെ നടന്നു .

കടത്തുകാരന്‍ said...

അച്ഛന്‍ വന്നപ്പോള്‍ പറഞ്ഞുകാണും ; സാരമില്ല, വലുതാകുമ്പോള്‍ അവനിഷ്ടമുള്ള പാര്‍ട്ടിയും മുന്നണിയും തിരഞ്ഞെടുത്തോട്ടെ

ചാണക്യന്‍ said...

"സാരമില്ല , നന്നായി പഠിച്ചാല്‍ മതി .അനാവശ്യമായി വഴക്കുന്ടാക്കാതിരിക്കുക ,ശെരിയുടെകൂടെ മാത്രം നില്‍ക്കുക . -
തല്‍ക്കാലം അവനത്രയും പഠിച്ചാല്‍ മതി...

കാന്താരിക്കുട്ടി said...

"സാരമില്ല , നന്നായി പഠിച്ചാല്‍ മതി .അനാവശ്യമായി വഴക്കുന്ടാക്കാതിരിക്കുക ,ശെരിയുടെകൂടെ മാത്രം നില്‍ക്കുക . അച്ഛനോട് ഞാന്‍ പറഞ്ഞോളാം " അമ്മയുടെ വാക്കുകള്‍. ആ സാന്ത്വനത്തില്‍ അവന്‍ തുള്ളിച്ചാടി , അതിന്റെ ശക്തി അവനെ മുന്നോട്ടു നയിച്ചു , ജീവിതത്തില്‍ ഏറെ മുന്നോട്ട് .


നല്ല ചിന്തകള്‍.. .കുട്ടികള്‍ നിഷ്കളങ്കരാണ്. വലിയവര്‍ ആണ് അവരെ മാറ്റി മറിക്കുന്നത്.

കുഞ്ഞന്‍ said...

അനില്‍..

വേറിട്ടൊരു വീക്ഷണം..

കഥ എന്തുമാകട്ടെ അവസാനം പറഞ്ഞ ആ ഒരു വാക്ക് ഞാന്‍ അച്ഛനോട് പറഞ്ഞോളാമെന്നത് ഇത് അച്ഛന്‍ മകന്‍ ബന്ധത്തില്‍ വലിയൊരു വിടവുണ്ടാക്കുന്ന കാര്യമാണ്. കാരണം എല്ലാം അമ്മ വഴി അച്ഛനിലെത്തുന്നു. ഗൌരവമുള്ള കാര്യങ്ങളും അമ്മ വഴി അച്ഛനിലെത്തുമ്പോഴേക്കും ലഘുതരമാകുന്നു. ഒരു 90% ആശയവിനിമയം ഇങ്ങനെ അമ്മ വഴിയാണ് നടക്കുന്നത്..ടൂറിന് പോകണം, സിനിമക്കു പോകണം, കൂടുകാരന്റെ വീട്ടില്‍ പോകണം, സൈക്കിള്‍ വാങ്ങണം തുടങ്ങിയ കാര്യങ്ങള്‍ മുതല്‍ ബുക്ക് വാങ്ങുന്നതു വരെ അമ്മയാണ് അച്ഛനെ ധരിപ്പിക്കുന്നത് അതും വളരെ തന്മയത്വത്തോടെ..

മറുപക്ഷം. അച്ഛനോട് നേരിട്ട് പറഞ്ഞതെങ്കില്‍..ഇതൊന്നും ഇപ്പോള്‍ പറ്റില്ല പിന്നെയാകട്ടെ എന്ന റെക്കോഡ് പല്ലവിയായിരിക്കും കുട്ടിക്കു കിട്ടുന്നത്.

അനിലെ നല്ല ശ്രമം തന്നെ.

OAB said...

ഇതാണ്‍ അഞ്ചാം ക്ലാസ്സ് മുതലുള്ള പാഠം. അച്ചനമ്മമാറ് വിശദീകരിച്ച് പഠിപ്പിച്ച് കൊടുക്കേണ്ടതായ പാഠം.

നന്ദി അനിലിന്‍, ഈ പറച്ചിലിന്‍.

അനൂപ്‌ കോതനല്ലൂര്‍ said...

സുകൂള്‍ ഇലക്ഷനെ കുറിച്ചുള്ള ആ‍ദ്യ വിവരണം രസകരമായി.
ഞാന്‍ ഒരു ബോയ്സ് സുകൂളില്‍ ആണ് പഠിച്ചത്.
അവിടെ ഇലക്ഷന്‍ വളരെ രസമുള്ള ഒരു ഓര്‍മ്മയായിരുന്നു.
കഴിഞ്ഞു പോയ നാളുകള്‍ ഓര്‍ട്ത്തെടുക്കാന്‍
ഈ പോ‍സ്റ്റ് ഉപകരിച്ചു.
നന്ദി
അനില്‍

mmrwrites said...

അച്ഛന്‍ കടത്തുകാരന്‍ പറഞതപോലെ പറഞ്ഞോ? കാര്യങ്ങള്‍ തഞ്ചം നോക്കി അവതരിപ്പിച്ചു

സാധിച്ചെടുക്കാന്‍ അമ്മമാര്‍ക്കേ കഴിയൂ.
നന്നായിട്ടുണ്ട്

smitha adharsh said...

അതെ..അതെ...ടീചെര്മാര്‍ക്ക് വിപ്ലവം ഇല്ല...
ഇതു വിപ്ലവം എന്തെന്ന് അറിയാത്ത വിദ്യാര്ത്ഥികളെകൊണ്ടു മുന്നണിയും,പാര്‍ടിയും ഉണ്ടാക്കിക്കലാണ് ഇന്നു കാണുന്നത്.കുട്ടി കുരങ്ങനെ കൊണ്ടു ചുടു ചോറ് മാന്തിപ്പിക്കുന്ന ഒരു പ്രതീതി... അത് ഈ പോസ്റ്ലൂടെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു.നല്ല പോസ്റ്റ്..
പിന്നെ,എന്‍റെ പോസ്റ്റില്‍ ഇയാള്‍ടെ ഒരു കമന്റ് ഉണ്ടായിരുന്നല്ലോ.."പ്രതീക്ഷ" എന്ന ഒരു കഥ എഴുതിയിരുന്നു. അത് വെറും ഭാവന മാത്രം ആണേ... എനിക്ക് ഒരു മോളുണ്ട്‌ മാഷേ...കഥ കുട്ടികളില്ലാതെ വിഷമിക്കുന്ന ദാമ്പതിമാരുടെതാനെന്നു മാത്രം.....

ശ്രീ said...

അവസാനം പറഞ്ഞതില്‍ ആണ് കാര്യം.
:)

നിരക്ഷരന്‍ said...

എന്നിട്ട് അവസാനം എന്തായി മാഷേ ?
വിപ്ലവം ഒക്കെ പൂട്ടിക്കെട്ടിയോ ?
:) :)

ഒരു സ്നേഹിതന്‍ said...

"സാരമില്ല , നന്നായി പഠിച്ചാല്‍ മതി .അനാവശ്യമായി വഴക്കുന്ടാക്കാതിരിക്കുക ,ശരിയുടെകൂടെ മാത്രം നില്‍ക്കുക . അച്ഛനോട് ഞാന്‍ പറഞ്ഞോളാം "

നല്ലൊരു വീക്ഷണം..നന്നായിട്ടുണ്ട്.

അനില്‍@ബ്ലോഗ് said...

സന്ദര്‍ശനനങ്ങള്‍ക്കു നന്ദി.
“കടത്തുകാരന്‍”,വ്യക്തമായ കാഴപ്പാടുള്ള മതാപിതാക്കളായിരുന്നു അവന്റേതു.

ചാണക്യന്‍, അവനത്രയെങ്കിലും പഠിക്കാന്‍ കഴിയുന്നാല്ലൊ ആപ്രായത്തില്‍.

കാന്താരിക്കുട്ടി, കുട്ടികള്‍ നിഷ്കളന്കരാണു. അവരുടെ മനസില്‍ കളങ്കം പറ്റാതെ നോക്കെണ്ടതു മാതാപിതാക്കളുടെ കടമയും.

കുഞ്ഞന്‍, പണ്ടത്തെ “അച്ഛന്‍“ അങ്ങിനെ തന്നെയായിരുന്നു. അവര്‍ എത്രമാത്രം അകലം പാലിച്ചിരുന്നു എന്നു പഴയതലമുറയിലെ എത്രപേര്‍ വേണമെങ്കിലും സാക്ഷ്യം നല്‍കില്ലെ?

ഒഏബി, അമ്മമാര്‍ കുട്ടികളുടെ വളര്‍ച്ചയില്‍ പ്രധാന്‍ പങ്കുവഹിച്ചിരുന്നു(പാസ്റ്റ് ടെന്‍സ്)

അനൂപ് , അതൊരു രസമുള്ള കാലമായിരുന്നു. പറയുന്ന ഭൂരിപക്ഷം കാര്യങ്ങളും മനസ്സിലായിരുന്നില്ലെന്നു വാസ്തവം.

"mmrwrites" നന്ദി.

സ്മിത ആദര്‍ശ്, കുട്ടിക്കാലത്തു പലതും നമ്മള്‍ അറിഞ്ഞിട്ടല്ല ചെയ്യുനതു.പൊകെപ്പോകെ അതു നമുക്കു ശീലമാകും.

“നിരക്ഷരന്‍” അറിഞ്ഞു ചെയ്യുന്നതു, അഥവാ ചെയ്തശേഷം ബൊധ്യമായതു പിന്നെ പൂട്ടിക്കെട്ടില്ല.

“ഒരു സ്നേഹിതനു” നന്ദി.

കുട്ടിക്കാലത്തിന്റെ ഡയറിക്കുറിപ്പുകള്‍ ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം, വീണ്ടും വരുമല്ലൊ.

shahir chennamangallur said...

എന്നിട്ട്‌ ഇപ്പൊഴും ചുവപ്പന്മാരുടെ കൂടെ തന്നെ അണോ ?

അനില്‍@ബ്ലോഗ് said...

സഹീര്‍,
പിടി മര്‍മ്മത്തുതന്നെയാണല്ലൊ?
അതു വായനക്കാരന്റെ ഇഷ്ടം.

ഗൗരിനാഥന്‍ said...

നല്ല അമ്മ