Monday, July 7, 2008

എഴുത്ത്

ഞാനും ബ്ലോഗ് എഴുത്ത് തുടങ്ങാന്‍ തീരുമാനിച്ചു . പ്രകോപനം എന്ത് !!
ഉത്തരം ലളിതം , എഴുതാന്‍ ആരുടേയും അനുവാദത്തിനു കാക്കേണ്ട, പ്രസിദ്ധീകരിക്കാന്‍ അനുവാദം വേണ്ട .
ഇപ്പോള്‍ പൊടുന്നനെ ?
ഉത്തരമില്ല .
ലക്ഷ്യം ?
ഇല്ല, മനസ്സില്‍ വീര്‍പ്പുമുട്ടുന്ന എന്തൊക്കെയോ പുറംതള്ളേണ്ടിയിരിക്കുന്നു .ചിലപ്പോള്‍ ദുര്‍ഗന്ധം വമിച്ചേക്കാം, സാരമില്ല മനസ്സു ശുദ്ധമാവട്ടെ.
ബ്ലോഗുകളുടെ ലോകത്തില്‍ ഊളിയിട്ടു , പുതിയ മാധ്യമത്തെ പ്രയോജനപ്പെടുത്താന്‍ ചില വ്യവസ്ഥാപിത സംഘങ്ങള്‍ ,മത പ്രചാരണവും വാദപ്രതിവാദവും സ്ഥിരം തൊഴിലാക്കിയ ചില സംഘങ്ങള്‍ , അപൂര്‍വം ചില മലയാള നാട്ടുകാര്‍, ഭാഷാ സ്നേഹികള്‍ , സാഹിത്യ ബാന്ധവക്കാര്‍ , പിന്നെ ഏറെയും പ്രവാസികള്‍ ജീവിതത്തില്‍ നിന്നോറ്റപ്പെട്ടു മണലരണ്യത്തിലും മറ്റുനാടുകളിലും വിയര്‍പ്പൊഴുക്കി അതിജീവനത്തിനു മല്ലിടുന്നവര്‍ .അവരുടെ ഏകാന്തതയില്‍ ബ്ലോഗ് എഴുത്ത് ആശ്വാസമാകും, തീര്‍ച്ച .
ഞാനോ?
ഞാനുമൊരു പ്രവാസിയാണല്ലോ, സ്വന്തം രാജ്യത്തില്‍ , പിറന്ന മണ്ണില്‍ , ബന്ധങ്ങളുടെ കെട്ടുപാടുകളിലും മനസ്സു പ്രവാസത്തിലാണ്. ചുറ്റുമുളളവരില്‍ നിന്നും അനേകം മൈല്‍ ദൂരെ , കണ്ണെത്താദൂരെ , ഒറ്റപ്പെട്ട തുരുത്തില്‍ മനസ്സു ഏകാന്തതയില്‍ അലയുന്നു; മറ്റാരും കടന്നു വരാനില്ലാതെ . മരവിച്ച മനസ്സിന് മോചനം വേണ്ടേ , ബ്ലോഗ് എഴുത്ത് എന്നെയും കൂട്ടാതിരിക്കില്ല .
എഴുത്ത് എനിക്ക് പുതിയതാണോ ? അല്ലല്ലോ .
ഞാന്‍ എഴുതിയിരുന്നു , ഉറക്കം വരാത്ത രാത്രികളില്‍ , ബാല്‍ക്കണിയിലെ നക്ഷത്രക്കൂട്ടങ്ങളെ നോക്കിയിരുന്നു ഞാന്‍ പലതും എഴുതിക്കൂട്ടി. കടലാസ് കൂടിലാക്കി പ്രസിദ്ധീണത്തിനിട്ടു . പ്രസാധകാര്‍ ഭാരത സര്‍ക്കാര്‍ തപാല്‍ വകുപ്പ്, വായനക്കാരി ഒരാള്‍ മാത്രം .കുറിപ്പുകള്ക്കും അഭിപ്രായങ്ങള്‍ക്കും കാത്തിരിക്കാതെ അടുത്ത എഴുത്തിലേക്ക്‌. ലോകത്തിലെ സര്‍വ ചരാചരങ്ങളെ ക്കുറിച്ചും എഴുതി ,മനസ്സിലെ വ്യഥകള്‍ എഴുതി , ആകുലതകള്‍ എഴുതി , മനസ്സു ശാന്തമാക്കാന്‍ ശ്രമിച്ചു. കുറിപ്പുകള്‍ വരാതിരുന്നില്ല , പക്ഷെ ലക്ഷ്യം അതായിരുന്നില്ലെന്നു മാത്രം . ഉറക്കം വരാത്ത ഓരോ രാത്രികളിലും എഴുതി , എഴുതി മടുക്കുമ്പോള്‍ പുസ്തകങ്ങളില്‍ മുഖം പൂഴ്ത്തി . ഒരു ദിനം ആ ചോദ്യം കണ്ടു ഞാന്‍ ഞെട്ടി , "ഇക്കാക്കാ ഇതിന്റെ ആഖ്യാദം എവിടെ ?" , അബ്ദുല്‍ ഖാദര്‍ ആയിരുന്നു , വൈക്കം മുഹമ്മദ് ബഷീറിനോട്‌ .ഞാനും തിരഞ്ഞു.എന്റെ എഴുത്തിലെ ആഖ്യയും ആഖ്യാദവും എവിടെ ? ബോധ്യമായി , ഇതെഴുത്തല്ല .കേവലം സംഭാഷണങ്ങള്‍ മാത്രം,മുന്നില്‍ എന്റെ വായനക്കാരി .
ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു , വിഷയങ്ങള്‍ മാത്രം തീര്‍ന്നില്ല .ഒരു ദിനം ആ സംഭാഷണവും മുറിഞ്ഞു. മേവിലാസം കാണ്മാനില്ല എന്നറിയിച്ചു എഴുത്ത് മടങ്ങി. അതോടെ മഷിയോഴുക്ക് നിലച്ചു . പിന്നെ മനസ്സില്‍ കോറിയിട്ടു, എല്ലാം എല്ലാം .
ഇവിടെ വീണ്ടും എഴുത്ത് പുനരാരംഭിക്കയാണ് , പക്ഷെ മഷിയില്ല .
വായനക്കാരുണ്ടാവാം, ഇല്ലാതെയ്‌മിരിക്കാം .
എത്ര കാലം ?
അതും തീര്‍ച്ചയില്ല , മനസ്സിന്റെ ഉറവകള്‍ വറ്റുവോളം , അത്രയേ ഉറപ്പുള്ളൂ.
ഇപ്പോള്‍ ഞാന്‍ ആഖ്യയും ആഖ്യാദവും തിരയുകയാണ് , പെറുക്കിയെടുക്കാം എന്നിട്ടെഴുത്ത് തുടങ്ങാം .

4 comments:

അനില്‍@ബ്ലോഗ് // anil said...

ഇപ്പൊള്‍ ഞാന്‍ ആഖ്യയും ആഖ്യാതവും തിരയുകയാണു, പെറുക്കിയെടുക്കാം എന്നിട്ടെഴുത്തു പുനരാരംഭിക്കാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനസ്സിന്റെ ഉറവകളൊന്നും വറ്റില്ലെന്നേ...

കൂടുതല്‍ വായിക്കുക,, കുറച്ചെഴുതുക...

ആ‍ശംസകള്‍

Shabeeribm said...

വായിച്ചു....

അനില്‍@ബ്ലോഗ് // anil said...

നന്ദി പ്രിയ, അജ്ഞാതന്‍
കുറച്ചു മാത്രം എഴുതാന്‍ ശ്രമിക്കാം, ഉറവകള്‍ പെട്ടെന്നു വറ്റാതിരിക്കട്ടെ.