Friday, August 15, 2008

ഭയം

സ്കൂള്‍ വിട്ടു മടങ്ങാനവനു മടി തോന്നി.
നന്നായി വിശക്കുന്നുണ്ടായിരുന്നു,വീട്ടിലാണെങ്കില്‍ അമ്മ ദോശ ചുട്ടുവച്ചിട്ടുണ്ടാവും,
എങ്കിലും കാലുകള്‍ നീങ്ങുനില്ല.
നാളെ ശനിയാഴ്ചയാണു,രണ്ടാം ശനി,സ്കൂളിനവധിയാണു.
രണ്ടു ദിവസം മുഴുവന്‍ വീട്ടിലിരിക്കുന്നതു ആലോചിക്കാനെ വയ്യ.
ഭൂമിയുടെ അച്ചുതണ്ടെവിടെയാണോ വച്ചിരിക്കുന്നതു !? കണ്ടിരുന്നെങ്കില്‍ കറക്കി വിടാമായിരുന്നു.
പതിയെ പടവുകളിറങ്ങി പഴയാ കിണറിനടുത്തേക്കു നടന്നു.
വലിയ ആഴമില്ലാത്ത പൊട്ടക്കിണറാണു, വീതിയുള്ളരിഞ്ഞാണുകള്‍, ഇറങ്ങാന്‍ ഏറെ ആയാസപ്പെടെണ്ട.
ചവിട്ടിയിറങ്ങിയ കെട്ടുകള്‍ നോക്കിയിരിക്കെ, വൃത്താകൃതിയിലുള്ളാകാശം അവനു മേല്‍ ഇരുളാന്‍ തുടങ്ങി.

വീട്ടിലെത്തിയതു വൈകിയാണു.
ദോശ മരവിച്ചുപോയിരിക്കുന്നു.പക്ഷെ അമ്മയുടെ ചൂരലിന്റെ ചൂടില്‍ തണുപ്പവനറിഞ്ഞില്ല.
പെട്ടന്നു കടന്നു വന്നയാളെക്കണ്ടവന്‍ കരച്ചില്‍ നിറുത്തി, ശാരിമോളുടെ അച്ഛന്‍. രവിമാമനെപ്പോഴാണാവൊ വന്നതു?! സന്തോഷംകൊണ്ടു തുള്ളിച്ചാടി കൂടെപ്പായവേ കണ്ണീരുണങ്ങി.
മാമന്റെ തോളിലിരുന്നു കുഞ്ഞാവ മുടി പിടിച്ചു വലിക്കുകയാണ്, മിഠായിക്കുവേണ്ടി കൈ നീട്ടുന്നുമുണ്ടു. അവനുകിട്ടിയ വീതത്തില്‍നിന്നും സ്നേഹപൂര്‍വം ഒന്നെടുത്തു കൊടുത്തു. രവിമാമനങ്ങിനെയാണു, എന്നു വരുമ്പോഴും മിഠായി കൊണ്ടുവരും. അജിയുടെ അച്ഛനും വരുമായിരിക്കും, അതാണു അവനിത്ര സന്തോഷം.തൊട്ടപ്പുറത്തെ മുറിയാണേലും കുറുമ്പനാണു, വല്യ ഗമയും. മിണ്ടുകയുമില്ല.
ശാരിമോളാണു നല്ല കുട്ടി,ശാന്ത ടീച്ചറുടെ മകള്‍, അവള്‍ക്കൊപ്പം മുട്ടിലിഴഞ്ഞാണു കാലിലെ തൊലിപോയതു, ഉണങ്ങാറായിരിക്കുന്നു.
രണ്ടവധി ദിവസങ്ങള്‍ പെട്ടെന്നോടിത്തീരുമല്ലോ എന്നൊര്‍ത്തപ്പോള്‍ വിഷമം തോന്നാതിരുന്നില്ല.

ഉറക്കം തൊട്ടുവിളിച്ചപ്പോഴാണ്‍ അമ്മയെ ഓര്‍ത്തത്. മനസ്സവിടെ ഉപേക്ഷിച്ചവന്‍ മടങ്ങി.
ഒരു നിമിഷം; മുറിയിലിരിക്കുന്നയാളെ നോക്കിനില്‍ക്കവെ കണങ്കാല്‍ വഴി അരിച്ചുകയറുന്നതു ഭയമാണെന്നവന്‍ തിരിച്ചറിഞ്ഞു.
അവിടെയതാ അച്ഛന്‍ !
ചീളുകളായ് ഇടനെഞ്ചില്‍‍ത്തറക്കുന്ന വാക്കുകളവിടെ ചിതറി വീഴും മുന്‍പേ, അവനോടി കരിമ്പടത്തില്‍ രക്ഷ തേടി. രണ്ടു മനോഹര ദിനങ്ങളുടെ നഷ്ടത്തിലുറപ്പൊട്ടിയ കണ്ണീ്രിണകെട്ടാന് മിഠായിപ്പൊതിക്കായില്ല. പാതിരാവില്‍ കടന്നുവന്നേക്കാവുന്ന ദുഃസ്വപനങ്ങളേപ്പേടിച്ചു അവന്‍ കണ്ണുകള്‍ മലര്‍ക്കെ തുറന്നു വച്ചു.

Friday, August 8, 2008

അനുരാഗ ബീജം

സഈദ, അതാണവളുടെ പെര്‍.
സുന്ദരമായ നീണ്ട മുഖം,തിളങ്ങുന്ന കണ്ണുകള്‍.
എന്തൊരു ചന്തമാണെന്നൊ !
മുന്‍ബഞ്ചില്‍ ഓരം ചേര്‍ന്നു പറ്റിക്കൂടിയിരിക്കും,ഒരു മുയല്‍ക്കുഞ്ഞുകണക്കെ.
ക്ലാസ്സിലെത്തിയാല്‍ അവന്റെ കണ്ണുകള്‍ ആദ്യമവിടേക്കാണെത്തുക,ഒരു ദര്‍ശനം.
ആകെഒരുന്മേഷമാണ് പിന്നെ, എന്താണെന്നറിയില്ല.
അന്നും പതിവുപോലെ അങ്ങോട്ടാണു നോക്കിയതു, മനസ്സുകെട്ടു,അവിടം ശൂന്യം.ഉത്സാഹമെല്ലാം പൊടുന്നനവെ ചോര്‍ന്നുപോയപോലെ.വെയില്‍ അപ്രത്യക്ഷമായൊ, ആകെ ഒരു മൂടല്‍.വിളറിയ ഭിത്തിയിലെ കറുത്ത ബോര്‍ഡില്‍ തെളിയുന്നതു അവളുടെ മുഖം മാത്രം.
മാഷെന്തോ ചോദിച്ചൊ? അന്തിച്ചു നിന്നുപൊയി, എപ്പോഴാണു ബെല്ലടിച്ചത്?
മാഷു ക്ലാസ്സിലെത്തിയതറിഞ്ഞില്ല.പദ്യമാണു ചൊല്ലുന്നതെന്നു തോന്നുന്നു,കുട്ടികള്‍ ചിരിച്ചു.
അടുത്തുവരുന്ന മാഷിന്നു മുന്‍പില്‍ സ്ഥലകാല ബോധം വീണ്ടെടുത്തു അവന്‍ നിന്നു, ഒരു കുറ്റവാളിയെപ്പോലെ.


"എന്താടോ പറ്റിയതു?", കരുണാര്‍ദ്രമായ ചോദ്യം.
"ഇല്ല സാര്‍, ഒന്നുമില്ല", അവന്റെ മറുപടിയില്‍ തൃപ്തിയാവാതെ മാഷുനോക്കിനിന്നു.
"സുഖമില്ലെങ്കില്‍ സ്റ്റാഫ് റൂമില്‍ പൊയി വിശ്രമിച്ചോളൂ", അനുവാദം കിട്ടിയതാശ്വാസമായി,പുറത്തിറങ്ങി നടന്നു.
സ്റ്റാഫ് റൂമിലേക്കല്ല,ആ കിനറ്റിന്‍ കരയിലേക്കു, വലിയ കാഞ്ഞിരമരത്തിന്നടിയില്‍ ഇരിക്കാനെന്താശ്വാസം.മഞ്ഞ നിറമുള്ള പുള്ളിക്കായ്കള്‍ !
എന്തു കാര്യം, തിന്നാന്‍ പറ്റില്ല. എങ്കിലും നോക്കിയിരിക്കാന്‍ രസമാണു.ഇടിഞ്ഞ മതില്‍ക്കെട്ടിനു മുകളിലൂടെ നെല്‍പ്പാടങ്ങള്‍ കാണാം, അങ്ങൊട്ടു പോയാലോ? ചെറിയ കൈത്തോട്ടിലെ കുഞ്ഞുമീനുകളെ പിടിക്കാം,തന്റെ കൊച്ചു വീടുമായി അരിച്ചു നടക്കുന്ന ഒച്ചുകളെക്കാണാം.പാടവരമ്പത്തെ കൊറ്റികള്‍ വിളിക്കുന്നപോലെ തോന്നുന്നുവോ?
അതുമാത്രമാണൊ?
തോട്ടുവരമ്പു നയിക്കുന്നതു അവളുടെ വീട്ടിലേക്കാണു, ഒന്നു പൊയിനോക്കിയാലോയെന്നു അവനാലോചിക്കാതിരുനില്ല.
പനിയായിരിക്കും ചിലപ്പോള്‍,അല്ലെങ്കില്‍ ചുമയായിരിക്കും.ബോര്‍ഡു തുടക്കുന്ന ഡസ്റ്ററാല്‍ അവളുടെ മുഖത്തു പൌഡറിട്ടതില്‍ തെല്ലു കുറ്റബോധം തോന്നാതിരുന്നില്ല.പതിയെ ഇടവഴിയിലേക്കിറങ്ങി.എന്താണവിടേക്കു നയിക്കുന്നതു,മനസ്സിനെന്താണു നൊമ്പരം, അവനറിയില്ല.
പാടവരമ്പത്തതാ കുറേ ആളുകള്‍ ,തൊപ്പിക്കുടയും സഞ്ചിയുമുണ്ടു, പാടമൊരുക്കുന്നു. കാളകള്‍ ചെളിവെള്ളത്തില്‍ കുതിച്ചു പായുന്നു,തൊട്ടുപുറകിലെ മരത്തടിയിലതാ ഒരാള്‍, വീഴുമെന്നു തോന്നും.ചെളിയുടെ മണം പക്ഷെ തള്ളിവീഴ്തിയതവനേയാണു.പാടത്തിറങ്ങിയ അവന്‍ വരിലൊരാളായി, വിശപ്പു മറന്നു,അവളെ മറന്നു.


വീട്ടിലാരോ ഉള്ളതുപോലെ,മടിച്ചു മടിച്ചു കയറിച്ചെന്ന രൂപം കണ്ടവര്‍ ഞെട്ടിയെന്നു തൊന്നുന്നു,ചളിയില്‍ മൂടി സ്തംബ്ദ്ധനായി നിന്ന അവന്‍ ഒരു കളിമണ്‍ പ്രതിമപോലെ തൊന്നിയിരിക്കാമവര്‍ക്കു.
സഈദയാണു!!!
കൂടെ അവളുടെ വാപ്പിച്ചിയും.
വടിയെടുക്കാനമ്മക്ക് അവസരം കൊടുക്കാതെ കുളിമുറിയിലേക്കവന്‍ പാഞ്ഞു.
മനസ്സു കുളിര്‍ത്തു, ശരീരവും.
അപ്രതീക്ഷിത അതിഥികള്‍ !
കൂടെ അടി കിട്ടില്ലെന്ന ആശ്വാസവും, അവര്‍ പൊയ്ക്കഴിയുമ്പോഴേക്കു, അമ്മയുടെ മറവി എല്ലാം വിഴുങ്ങിയിരിക്കും.
തുടിക്കുന്ന ഹൃദയത്തോടെ സ്വീകരണമുറിയിലവന്‍ ഇരുന്നു.
അവള്‍ പുഞ്ചിരിക്കുകയാണു, നിലാവുകണക്കെ.
ഒരു പൊതി അവനു നേരെ നീട്ടി, പത്തു മിഠായികള്‍, അവളുടെ പത്താം പിറന്നാളാണന്നു.
മധുരം നുണഞ്ഞു അവരൊന്നിച്ചു മുറ്റത്തേക്കോടി,
കണ്ണാരം പൊത്തിക്കളിക്കാന്‍.

Thursday, July 31, 2008

മുജ്ജന്മ പാപങ്ങള്‍

" ക്ഷേത്രമേതെന്നറിയാത്ത തീര്‍ഥയാത്രാ ... " മനസ്സിനെ തഴുകിത്തലോടുന്ന ഗാനം കാതില്‍ അലയടിക്കുന്നു . കേട്ടുകേട്ടു മനപ്പാഠമായിത്തുടങ്ങി .ഇക്കയുടെ വീട്ടില്‍ നിന്നാണ് , അവിടെ പുതിയ പാട്ടു മിഷ്യന്‍ കൊണ്ടുവന്നെന്നു അനിയത്തി പറഞ്ഞതവനോര്‍ത്തു .കറുത്ത ചട്ടക്കടലാസ് മാതിരിയുള്ള പാട്ടുകളാത്രേ, കറുത്ത മഷിയാല്‍ എഴുതിയിരിക്കുന്നു .അതിനാല്‍ മിഷ്യനുമാത്രമെ അത് പാടാന്‍ പറ്റു. ദിവസങ്ങള്‍ എത്രയായി അത് കേള്ക്കുന്നു , ഈണം തഴുകിത്തലോടുന്നു .അന്നെന്തു ദിവസമാണെന്നോര്‍ത്തെടുക്കാനുള്ള ശ്രമം വിഫലമായി , കലണ്ടറില്‍ നിന്നും അക്ഷരങ്ങള്‍ പെറുക്കാന്‍ ശ്രമിച്ചു .കണ്ണുകളില്‍ മൂടല്‍ , അമ്മയടുത്തുന്ടെന്കില് ചോദിച്ചേനെ .
എന്തിനാണിങ്ങനെ കിടത്തിയിരിക്കുന്നത് ? എണീക്കാന്‍ പറ്റിയിരുന്നെന്കില്‍ ചാരിയിരിക്കാമായിരുന്നു . വിശപ്പില്ല , അമ്മ നിര്‍ബന്ധിച്ചു കഴിപ്പിക്കുകയാണ് , തൊണ്ടയില്‍ തടയുന്നു .ഉപ്പിത്ര രുചിയുള്ള സാധനമായിരുന്നോ !! അതില്ലാതെ കഞ്ഞിതരുകയാണ് , ഓക്കാനം വരുന്നു , പിന്നെ പുഴുങ്ങിയ പയര് , അതിലുമില്ല ഉപ്പ് . വീട്ടിലെ പുള്ളിപ്പശുവിനെ അവനോര്‍മ വന്നു .ഉപ്പും എണ്ണയുമില്ലാതാണ് അതും തീറ്റി തിന്നുന്നത്‌ , പക്ഷെ കിടപ്പല്ല , നടക്കുന്നുണ്ട് .അവനുമാത്രം നടക്കാനാവുന്നില്ല .
മനുഷ്യന് എന്തിനാണിങ്ങനെ അസുഖം വരുന്നതു . മുത്തശ്ശിയോട് ചോദിക്കാം , അവര്‍ക്കെല്ലാം അറിയാം . കഴിഞ്ഞ ജന്മം അവന്‍ വേറെയേതോ ജീവിയായിരുന്നത്രേ , ഇത്തവണ മനുഷ്യനായി ജനിച്ചു . അത് നിയോഗമാണ് .അങ്ങിനെ പറഞ്ഞാലെന്താനാവോ ? അലമാരയിലെ തടിച്ചപുസ്തകങ്ങള്‍ വായിച്ചു മുത്തശ്ശി അര്ത്ഥം പറയുന്നു ,പലതും മനസ്സിലാവുന്നില്ല ,കൂടുതല്‍ ചോദിച്ചാല്‍ വഴക്ക്പറയും .മുജ്ജന്മപാപങ്ങള്‍ അനുഭവിച്ചു തീര്‍ക്കണം ,അതിനാലാണ് അസുഖങ്ങള്‍ വരുന്നതു .ഇത്ര കുഞ്ഞായിരിക്കുമ്പോഴെ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു ,കഴിഞ്ഞ ജന്മം ഒരുപാടു പാപങ്ങള്‍ ചെയ്തിരിക്കും .ഓര്‍ക്കാന്‍ ശ്രമിച്ചു , ഒന്നുമോര്‍മ വരുന്നില്ല .എന്നാലും സന്തോഷമായി , പാപങ്ങള്‍ തീരുകയാണല്ലോ ,പിന്നെ സ്വര്‍ഗ്ഗത്തേക്ക് . മരിച്ചാലല്ലേ സ്വര്‍ഗത്തു പോകുക ? മരിച്ചു പോകുമോ ?...
കൈകളില്‍ തലോടല്‍ ,മെല്ലിച്ച കൈവിരലുകള്‍ തടവി അമ്മയിരിക്കുന്നു .മഞ്ഞ സാരിയിലെ കറുത്ത പുള്ളികള്‍ തിളങ്ങുന്നു , ചുവരുകള്‍ക്കെപ്പോഴാണാവോ മഞ്ഞച്ചായം പൂശിയത് . അമ്മ കരയുകയാണ് , കണ്ണീരിറ്റുവീഴുന്നു , തുള്ളികളായി കൈപ്പടത്തില്‍ പടരുന്നു .അതിന്റെ നനവ് ദേഹത്തെ മഞ്ഞനിറം അലിച്ചിറക്കുകയാണ് . അവന്‍ പതിയെ മയക്കത്തിലേക്ക് വഴുതി , മുജ്ജന്മപാപങ്ങള്‍ ആവാഹിക്കാനെത്തുന്ന മഹാവ്യാധികളെ സ്വപ്നം കണ്ടു ഞെട്ടിയുണരാന്‍

Friday, July 25, 2008

ക്ലാസ്സ് ലീഡര്‍

എന്തൊരു ബഹളമായിരുന്നു , ഘോഷയാത്ര പോലെ ,അവനാലോചിക്കയാണ് .
രാവിലെ സ്കൂളില്‍ എത്തിയപാടെ ചേട്ടന്‍മാര്‍ വിളിച്ചുകൊണ്ടു പോയതാണ് .ഒരു മുറിയില്‍ കുറെ ആളുകള്‍ , മാഷുംമാരും ഉണ്ട് , എന്തൊക്കെയോ കടലാസ് അടുക്കി എണ്ണുന്നു, വോട്ടെണ്ണലാത്രേ . മാഷ്‌ പറഞ്ഞാണ് അറിഞ്ഞത് ,ജയിച്ചിരിക്കുന്നു , ഇനി അവനാണ് ക്ലാസ്സ് ലീഡര്‍. ആരോ വലിയൊരു മാലയിട്ടു , പൊക്കിയെടുത്തു തോളില്‍ കയറ്റി എന്തൊക്കെയോ വിളിച്ചുപറഞ്ഞു റോഡിലൂടെ നടന്നു .പഴയ സ്കൂളില്‍ ഈവക ബഹളമൊന്നുമില്ലായിരുന്നു . നാലാം ക്ലാസ്സ് ജയിച്ചതിനാല്‍ ഇവിടെയെത്തി , അമ്മ പഠിപ്പിക്കുന്ന സ്കൂള്‍ . വലിയ പരിചയക്കാരില്ല ,ഒരു കാര്യം തീര്‍ച്ച ,ഇവര്‍ റഷ്യക്കാരുടെ കൂട്ടുകാരാണ് .അങ്ങിനെ പറഞ്ഞാണ് അവനെ കൂട്ടിയത് . ലോകം കുലുക്കിയ പത്തുനാളുകള്‍ വായിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ . ത്സാര്‍ ചക്രവര്‍ത്തിയുടെ പ്രതിമ ഉടക്കുന്നതും ലെനിന്‍ പ്രസംഗിക്കുന്നതും എല്ലാം അമ്മയോട് ചോദിച്ചാണ് മനസ്സിലാക്കിയത് ,അവനിഷ്ടമായി,പണിയെടുക്കുന്ന ആള്‍ക്കാര്‍ക്ക് വേണ്ടിയാണത്രെ. അപ്പോള്‍ ഇവരും പണിക്കാരുടെ മക്കളായിരിക്കും . കൊടി വെളുത്തതാണെന്കിലും , നക്ഷത്രമുണ്ട് , അതും ചുവന്ന നക്ഷത്രം . വിപ്ലവം ജയിക്കട്ടെ എന്ന് വിളിച്ചു പറഞ്ഞാണ് നടപ്പ് , ഇതു തന്നെയാണ് ചെമ്പടയെ സ്വീകരിച്ചു റഷ്യാക്കാരും പറഞ്ഞതു .ഇവിടെയും വരുമായിരിക്കും വിപ്ലവം , ചെറിയച്ഛനെക്കാണുമ്പോള്‍ പറയണം വിപ്ലവം വരുന്ന കാര്യം .സുഖമാണ് പിന്നെ , പണിക്കാര്‍ക്കെല്ലാം നല്ല പൈസ കിട്ടും.
മനസ്സിലാവാഞ്ഞത് ശാന്തടീച്ചര്‍ പറഞ്ഞതാണ് ,കുറെ വഴക്ക് പറഞ്ഞു . ടീച്ചര്‍മാരുടെ കുട്ടികള്‍ ഇത്തരം ലഹളക്കാരുടെ കൂടെക്കൂടാന്‍ പാടില്ലാത്രേ ! ലഹളക്കാരോ? വിപ്ലവംന്നു പറഞ്ഞാല്‍ ലഹളയാണോ? കരച്ചില്‍ വരാതിരുന്നില്ല . നല്ലവരാണ് റഷ്യക്കാര്‍ ,എല്ലാ മാസവും അവന് പുസ്തകം അയച്ചു കൊടുക്കാറുണ്ട് , മിനുത്ത താളുകളുള്ള വലിയ പുസ്തകം .എന്നിട്ട് അവര്‍ ലഹളക്കാരാണെന്നോ?! ടീച്ചര്‍ ലോകം കുലുക്കിയ പത്തുനാളുകള്‍ വായിച്ചിട്ടുന്ടാവില്ല , പക്ഷെ മകന്റെ പേരെങ്ങിനെ ലെനിന്‍ വന്നു . അവനാണേല്‍ അന്ന് സ്കൂളില്‍ പോലും വന്നിട്ടില്ലായിരുന്നു . ഒരു കാര്യം മനസ്സിലായി , ടീച്ചര്‍മാര്‍ക്ക് വിപ്ലവം ഇല്ല , അല്ലെങ്കില്‍ ഹെഡ്മാഷും വഴക്ക് പറയുമോ .ഇനി അമ്മയെന്തു പറയുമേന്നോര്‍ത്തപ്പോള്‍ വേവലാതിഏറി . അല്ലേലും എല്ലാ ദിവസവും കിട്ടും അടി .
"സാരമില്ല , നന്നായി പഠിച്ചാല്‍ മതി .അനാവശ്യമായി വഴക്കുന്ടാക്കാതിരിക്കുക ,ശരിയുടെകൂടെ മാത്രം നില്‍ക്കുക . അച്ഛനോട് ഞാന്‍ പറഞ്ഞോളാം " അമ്മയുടെ വാക്കുകള്‍. ആ സാന്ത്വനത്തില്‍ അവന്‍ തുള്ളിച്ചാടി , അതിന്റെ ശക്തി അവനെ മുന്നോട്ടു നയിച്ചു , ജീവിതത്തില്‍ ഏറെ മുന്നോട്ട് .

Saturday, July 19, 2008

ഒരു ശാസ്ത്രജ്ഞന്‍ ജനിക്കുന്നു

നാളെ സയന്‍സ് ക്ലബ് മീറ്റിംഗ് ഉണ്ടാവുമത്രേ.
അമ്മ പറഞ്ഞിട്ടുണ്ട് ചേര്‍ന്നോളാന്‍, അവനു സന്തോഷം തോന്നി . യാതൊന്നിനും വിടുന്ന പതിവില്ല , പന്തുകളിക്കാന്‍ , നീന്താന്‍ , ഒന്നിനും വിടാറില്ല. ബോറടി മാറ്റാന്‍ കുറെ പുസ്തകങ്ങള്‍ വാങ്ങി തന്നിട്ടുണ്ട് . കഥാപുസ്തകങ്ങള്‍ , സയന്‍സ് ക്രീം പുസ്തകങ്ങള്‍ എത്ര എണ്ണമാണ് . സത്യത്തില്‍ അവനോഴിവ്സമയം കിട്ടാറില്ല , പഠിപ്പാണെപ്പോഴും , അതിന് അമ്മയുടെ വഴക്കും കേള്‍ക്കാരുന്ടു . മൂന്നാം ക്ലാസ്സ് വരെ ഒരു കുഴപ്പവുമില്ലാത്ത കുട്ടിയായിരുന്നു , പഠിക്കുകയേ വേണ്ട , പറമ്പില്‍ ചുറ്റിനടന്നു പൂക്കള്‍ പറിച്ചു കൂട്ടും , ചെടികള്‍ പറിച്ചു വേരുകള്‍ എണ്ണിനോക്കും , മരത്തില്‍ കയറി തൂങ്ങിക്കിടക്കും അപ്പോഴും അമ്മ വഴക്ക് പറഞ്ഞിരുന്നു .നാലാം ക്ലാസ്സില്‍ എത്തിയപ്പോഴാണ് പെട്ടെന്നൊരു തോന്നല്‍ , പഠിക്കണം പഠിക്കണം . "ഇവന്റെ തലയിലെന്താ വല്ല തേങ്ങയും വീണോ ?" അമ്മ ചോദിക്കാതിരുന്നില്ല. ഇടവേളകളില്‍ പുസ്തകങ്ങളുമായവന്‍ സ്വകാര്യം പറഞ്ഞു തുടങ്ങി .അങ്ങിനെ ഒരു ദിവസം അതാ കണ്ടെത്തി വൈദ്യുതി ഉണ്ടാക്കാനുള്ള വിദ്യ !! "എത്രയെളുപ്പം , എന്നിട്ടാണോ കരണ്ടു പോകുമ്പോള്‍ ഇരുട്ടത്തിരിക്കുന്നത് " സ്വയം ചോദിച്ചു .കുറച്ചു ചെറുനാരങ്ങ വേണം പിന്നെ ചെമ്പു കമ്പി ,നാകക്കംപി ,നാകം മാത്രം മനസ്സിലായില്ല .ചെമ്പ് കമ്പിയും കുറെ വേലിക്കംബിയും കൂട്ടിപ്പിരിച്ചു നാരങ്ങയില്‍ തുളച്ചുകയറ്റി ഒരു മാല തന്നെ ഉണ്ടാക്കി . അടുത്ത മുറികളില്‍ താമസിക്കുന്ന ശാന്ത ടീച്ചര്‍ , കദീജ ടീച്ചര്‍ ,എല്‍സമ്മ ടീച്ചര്‍ , എത്തിയ എല്ലാരും അന്തം വിട്ടു വാപൊളിച്ചു നില്‍ക്കുകയാണ്‌ .ഇത്ര ഭയന്കരനായ കരന്റിതാ ഉണ്ടാവാന്‍ പോകുന്നു . കമ്പിഎടുത്തു ബള്‍ബില്‍ മുട്ടിച്ചു , അത്ഭുതം ! ഒന്നും സംഭവിക്കുന്നില്ല .

എന്താണ് പറ്റിയത് ? അറിയില്ല ,പരീക്ഷണം പോളിഞ്ഞതോടെ എല്ലാം വലിച്ചെറിഞ്ഞു അവനോടി ,സ്വന്തം മാളമായ കല്ലുവെട്ടു മടയിലേക്ക് . ടീച്ചര്‍മാര്‍ ആലോചനയിലാണ് , പക്ഷെ എന്ത് വിശേഷം ? മലയാള സാഹിത്യം , ഹിന്ദി വിദ്യ ,സാമൂഹ്യ പാഠം ഇവയെല്ലാം കൂട്ടിവച്ചു ആലോചിച്ചിട്ടും തീരുമാനം ഒന്നുമായില്ല . അമ്മയാവട്ടെ പ്രതിഷേധിച്ചു രാമായണപാരായണം തുടങ്ങി .
"മോനേ , നീ എന്തിനാണ് എല്ലാവരോടും പറഞ്ഞതു ?" അമ്മയുടെ ചോദ്യം , എല്ലാരും നോക്കിയിരുന്നത് കൊണ്ടാണ് പരീക്ഷണം പൊളിഞ്ഞത്.അന്നൊരു തീരുമാനം എടുത്തു , മേലില്‍ പരീക്ഷണത്തിന് കാണികള്‍ വേണ്ട .വാശിയായി , സയന്‍സ്ക്രീം പുസ്തകങ്ങള്‍ തീറ്റി തുടങ്ങി , കൂടെ ശാന്തകുമാര്‍ മാഷിന്റെ പരീക്ഷണ പുസ്തകങ്ങളും . അപ്പോഴല്ലേ കാര്യം പിടികിട്ടിയത് , പരീക്ഷണശാലയിലാണ് പരീക്ഷണം നടത്തെണ്ടത്. എഡിസന്റെ പരീക്ഷണശാലയെപ്പറ്റി വായിച്ചു കോരിത്തരിച്ചു . തകരപ്പാട്ട , ഡപ്പികള്, കുപ്പികള്‍ , സാധനങ്ങള്‍ അനവധി പെറുക്കി കൂട്ടി . ഇതിലെല്ലാം എന്ത് നിറക്കും? അടുത്ത പ്രശ്നം . ചുവപ്പ് , നീല , കറുപ്പ് , മഷികള്‍ സുലഭം പിന്നെ ചുണ്ണാമ്പും . പിന്നെയോ ? അപ്പോഴാണ്‌ അമ്മ പറഞ്ഞതു സയന്‍സ് ക്ലബ്ബില്‍ ചേരാന്‍ . ശാസ്ത്രജ്ഞനാകുന്ന സുദിനവും കാത്തിരിപ്പായി പിന്നെ , ആ മീറ്റീങ്ങാണ് നടക്കാന്‍ പോകുന്നത് .
മെന്‍ലോ പാര്‍ക്കിലെ
ജാലവിദ്യക്കാരനെ പോലെ കൊടുവള്ളിയിലെ ജാലവിദ്യക്കാരനാവുന്നത് സങ്കല്പിച്ചു അവനിരുന്നു , സ്വപ്നങ്ങളുടെ കാലിടോസ്കോപിലെ തിളങ്ങുന്ന വര്‍ണങ്ങള്‍ നോക്കി.

Tuesday, July 15, 2008

ഒരു കൊച്ചു ദുഃഖം .

എല്ലാരും എന്താണിങ്ങനെ പറയുന്നതു , ഭയങ്കര വികൃതിയാണത്രെ !
ഞാനെന്തു ചെയ്തു ?
ഉണര്‍ന്നു വന്നപ്പോള്‍ കുറെ കാക്കകള്‍ മുറ്റത്ത്‌.പലതരം കാക്കകള്‍ , വലുതും ചെറുതും , അത് ചിലപ്പോള്‍ അമ്മയും കുഞ്ഞുമാകും .ഇത്രമാത്രം കാക്കകളോ! മരങ്ങളില്‍ , ഓടിന്റെ പുറത്ത് , റോഡരുകില്‍ , എവിടെയും കാക്കകള്‍ മാത്രം .ലോകത്തെ എല്ലാം ഇവിടെയാണെന്ന് തോന്നുന്നു . സന്ധ്യയായാലോ ഭയങ്കര ബഹളം , വര്‍ത്താനം പറയുകയായിരിക്കും .സ്കൂളിലെ കഥകള്‍ , കുഞ്ഞിക്കാക്കയോടും കാക്കക്കുട്ടികള്‍ വഴക്കിട്ടു കാണും , അതിന്റെ മിട്ടായിയും തട്ടിപ്പറിച്ചോടിക്കാണും. കുറെ മണ്ണ് വാരി എറിഞ്ഞു , ഒടിപ്പോകട്ടെ എല്ലാം. മുറ്റത്തിനപ്പുറത്ത് അരി ഉണങ്ങാനിട്ടിരിക്കുന്നത് ഞാന്‍ കണ്ടോ ?
വികൃതിയാണത്രെ !
ഇന്നലെ എന്തൊരു മഴയായിരുന്നു .നീണ്ട സൂചികള്‍ പോലെ മഴ താഴേക്ക് വരുന്നതു കാണാന്‍ നല്ല രസം . മുറ്റത്ത്‌ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുമിളകള്‍ പൊങ്ങുന്നത് കണ്ടോ , സൂചികൊണ്ടുള്ള കുത്തുകിട്ടുമ്പോള്‍ വെള്ളം മേലോട്ട് ചാടുകയാണ് . ചെറിയമ്മ കരഞ്ഞതോര്‍ത്തപ്പോള്‍ വിഷമം തോന്നി കുട്ടിക്ക്. തന്നെ നോക്കാന്‍ വന്നതാണ് .ചോറ് വാരിത്തരും , സ്കൂളില്‍ നിന്നും വന്നാല്‍ തല തോര്‍ത്തിത്തരും , പാട്ടുപാടിത്തരും .എന്നാലും ഇങ്ങനെ കുത്താമോ , പേന്‍ നോക്കുകാത്രേ . ചീപ്പ്കൊണ്ടു മുടി കുത്തിയെടുക്കുകയാണ് . ചീപ്പ് മുടിയാണ് തിന്നുന്നതെന്നു തോന്നുന്നു , കടിച്ചു പറിക്കുന്നതുപോലെ . തലയാനെന്കില്‍ വേദനിക്കുന്നുമുണ്ട് , വീണതിന്റെ ബാക്കി . സ്കൂള്‍ മുറ്റത്തു നിറയെ വെള്ളം കേട്ടിക്കിടക്കുകയാണ് , നേരെ നടന്നു , വഴുക്കി താഴെ വീണു. "ഹയ്യോ " തലയിടിച്ചത് കല്ലില്‍ . ചെളിയില്‍ കുളിച്ചു വീട്ടില്‍ ചെന്ന എന്നെ അമ്മ അടിക്കുകേം ചെയ്തു . ആ തലയിലാണ് പേന്‍ചീപ്പിട്ടു കുത്തുന്നത് .ഓടിയ എന്റെ പുറകെ ഓടാന്‍ ആര് പറഞ്ഞു ?
വല്യ കല്ലെടുത്ത്‌ കാട്ടി അടുത്ത്‌ വരരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞു , എന്നിട്ടും എന്നെ പിടിക്കാന്‍ നോക്കുകയാണ് . ഏറു ചെറിയമ്മയുടെ നെന്ചിനു താഴെയാണ് കൊണ്ടത് , ചുവന്നു കിടന്നിരുന്നു . പക്ഷെ എന്തിനാണാവോ കരഞ്ഞത് ! വേദനിച്ചിട്ടാവുമോ ? ഇല്ല , ആവാന്‍ വഴിയില്ല വല്യ ആള്‍ക്കാര്‍ക്ക് വേദന ഉണ്ടാവില്ല . എന്നെ പറ്റിക്കാന്‍ കരഞ്ഞതാവും . എന്നിട്ടും വികൃതിയാണത്രെ . മതിയായി .

Tuesday, July 8, 2008

മൂന്നു കുഞ്ഞിക്കഥകള്‍

കുട്ടിപ്പാവാട :
അമ്മയെന്തോ തിരയുകയാണു,കുട്ടി ധൃതി കൂട്ടുന്നുണ്ട് .അവന്‍ കൊച്ചു കുഞ്ഞല്ലേ , ജീവിതത്തിന്‍റെ തിരക്കുകള്‍ അറിഞ്ഞുവരുന്നേയുള്ളൂ. തറയില്‍ പിച്ചനടക്കുന്ന അനിയത്തിയെ അവന്‍ മറിച്ചിട്ടേനെ, സ്നേഹം കൊണ്ടാണു, വീണില്ല ഭാഗ്യം. അമ്മയാകട്ടെ തിരഞ്ഞു മടുത്തെന്നു തോന്നുന്നു.ഇന്നു ചന്തയില്‍ പോകാമെന്നേറ്റിരുന്നതാണു , എന്തിന് വൈകുന്നു ? ദേഷ്യം വരാതിരുന്നില്ല ,കട്ടിലില്‍ കമഴ്ന്നു തലയണയില്‍ മുഖം പൂഴ്ത്തി .അനിയത്തിയാകട്ടെ കരച്ചില്‍ തുടങ്ങിയിരുന്നു .
അച്ഛന്‍ ഇതുവരെ വന്നില്ല .അമ്മക്ക് പിണക്കമൊന്നുമില്ല , വലിയ തിരക്കുള്ള ആളാണു, ഗുരുക്കന്മാരെ സംഘടിപ്പിക്കാന്‍ ഓടി നടക്കയാണ് .നോക്കിരുന്നില്ലേല്‍ മാനേജര്‍ എന്നുപറയുന്ന ദുഷ്ടന്‍ എല്ലാം തട്ടിപ്പറിക്കുമത്രേ . വീട്ടിലെ കാര്യം അമ്മ തന്നെ നോക്കിക്കോളും .
അമ്മക്ക് സന്തോഷമായല്ലോ , അത് കിട്ടിയെന്നു തോന്നുന്നു . ഓ , അനിയത്തിയുടെ ഉടുപ്പ് തൈക്കയാണ് , ഉടുപ്പല്ല പാവാട,അമ്മക്ക് തൈക്കാനറിയാമോ!? അവന്റെ ചോദ്യത്തില്‍ അമ്മ ശകാരം ചൊരിഞ്ഞു.രണ്ടെണ്ണമുള്ളത്തില്‍ ഒന്നു പട്ടി കടിച്ചോടി , ഒന്നില്‍ അനിയത്തി മൂത്രമൊഴിച്ചു , പിന്നെയെങ്ങിനെ ചന്തയില്‍ പോകും . പാവം അമ്മ , സൂചി കൊണ്ടു തൈക്കയാണു . തുണി ഒരു കുഴല്‍ പോലെയാക്കി അനിയത്തിയുടെ അരയില്‍ കെട്ടി വച്ച് അമ്മയോരുക്കി .അച്ഛന് സുഖമാണ് , ഒന്നും തൈക്കണ്ടല്ലോ .ഇനിയേതായാലും ചന്തയില്‍ പോകും , ഭരണിയിലെ മിട്ടായി കാണാമല്ലോ എന്ന സന്തോഷത്തില്‍ കുട്ടി മുറ്റത്തേക്ക്‌ കുതിച്ചു.

തീവണ്ടി :
രാത്രി പത്തുമണി ആയത്രേ , എന്നിട്ടും എന്തൊരു തിരക്കാണിവിടെ ! പാളത്തിനിരൂവശം കെട്ടിയ നീളത്തിലുള്ള പുരക്കുള്ളില്‍ ആളുകള്‍ ഓടി നടക്കുന്നു . അവന്‍ തളര്‍ന്നിരുന്നു . ബസ്സിലാണേല്‍ സീറ്റും കിട്ടിയില്ല , അനിയത്തിയെ എടുത്ത്‌ അമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും .സാരിയില്‍ തൂങ്ങിയാതിനാല്‍ അവന് സുഖമായിരുന്നു .
വണ്ടി വരുന്നെന്നാ തോന്നുന്നത് .ഭയങ്കര ശബ്ദം ,പേടിയാവുന്നു . അമ്മയടുത്തുണ്ടല്ലോ സമാധാനം . ഈ സന്ചി ഞാനാ എടുക്കേണ്ടത് , അമ്മക്ക് അനിയത്തിയെ എടുക്കണം, പെട്ടി ചുമക്കണം , പാവം .അമ്മയുടെ സാരിയില്‍ പിടിക്കാം , കേറുമ്പോള്‍ .
വാതില്‍ തുറക്കുന്നില്ല , എന്താ എല്ലാരും ഉറക്കമായോ ? വലിയ പെട്ടിപോലത്തെ മുറികള്‍ , എല്ലാം പൂട്ടിയിരിക്കുന്നു , അപ്പുറത്താണേല്‍ തിരക്ക്കൊണ്ടു കേറാനും വയ്യ. അച്ഛന്‍ ഉണ്ടായിരുന്നേല്‍ ചിലപ്പോള്‍ തുറന്നേനെ , വലിയ ആളല്ലേ . "റിസര്‍വേഷനാ " ചായക്കടക്കാരന്‍ പറയുന്നത്‌ കെട്ടു, അമ്മ ഓടുകയാണ് . നാട്ടിലെത്തിയാല്‍ മാമനോട് ചോദിക്കാം, എന്താ റിസര്‍വെഷനെന്നാല്‍, അമ്മയ്ക്കറിയില്ലെന്ന് തോന്നുന്നു . അമ്മ കരയുകയാണ് , തീവണ്ടി പോകുന്നു . ഇന്നിനി ഇവിടെ കിടക്കണമത്രേ. അമ്മയുടെ സാരി പുതച്ചതുകൊണ്ടു തണുപ്പ് തോന്നിയില്ല .

ശിവരാത്രി :
ഇന്നു ശിവരാത്രിയാണൊ? ആയിരിക്കും . എത്ര ശിവരാത്രികളുണ്ട്?ഒരുമാസമായില്ല ഉത്സവത്തിനു അമ്പലത്തില്‍ പോയിട്ട് , പിന്നേമോ..... ?വാങ്ങിയ തോക്കിന്റെ തിരകള്‍ തീര്ന്നു , ഇന്നു പോയില്ലല്ലോ . വേറെആര്ക്കും ശിവരാത്രി ഇല്ലെന്നു തോന്നുന്നു , ഉറക്കമായി .അമ്മ ഉറങ്ങുന്നില്ല, വാവക്ക് മാമും കൊടുത്തില്ല , കുഞ്ഞനിയന്‍ . ഉറങ്ങാതെ നടക്കയാണ് അമ്മ , മുറിയിലും മുറ്റത്തും ; വ്യായാമമായിരിക്കും . നേരം വെളുക്കാറായെന്നു തോന്നുന്നു , എനിക്കുറക്കം വന്നിട്ട് വയ്യ , എത്ര നേരമാ പുറകെ നടക്കുക . അച്ഛന്‍ വന്നാല്‍ പറയണം , മൂന്നു മണിയായിട്ടും തന്നെ ഉറക്കാതെ അമ്മ വ്യായാമം ചെയ്തു നടക്ക്യാനെന്നു . കുട്ടി പിണങ്ങി തലയണയില്‍ മുഖം പൂഴ്ത്തി . നേരം നേരത്തെ വെളുത്തതിനാല്‍ അധികം ഉറങ്ങേണ്ടി വന്നില്ല . ഉണര്‍ന്നപ്പോഴും അമ്മ നടക്കയായിരുന്നു , മുറിയിലും മുറ്റത്തും .

Monday, July 7, 2008

എഴുത്ത്

ഞാനും ബ്ലോഗ് എഴുത്ത് തുടങ്ങാന്‍ തീരുമാനിച്ചു . പ്രകോപനം എന്ത് !!
ഉത്തരം ലളിതം , എഴുതാന്‍ ആരുടേയും അനുവാദത്തിനു കാക്കേണ്ട, പ്രസിദ്ധീകരിക്കാന്‍ അനുവാദം വേണ്ട .
ഇപ്പോള്‍ പൊടുന്നനെ ?
ഉത്തരമില്ല .
ലക്ഷ്യം ?
ഇല്ല, മനസ്സില്‍ വീര്‍പ്പുമുട്ടുന്ന എന്തൊക്കെയോ പുറംതള്ളേണ്ടിയിരിക്കുന്നു .ചിലപ്പോള്‍ ദുര്‍ഗന്ധം വമിച്ചേക്കാം, സാരമില്ല മനസ്സു ശുദ്ധമാവട്ടെ.
ബ്ലോഗുകളുടെ ലോകത്തില്‍ ഊളിയിട്ടു , പുതിയ മാധ്യമത്തെ പ്രയോജനപ്പെടുത്താന്‍ ചില വ്യവസ്ഥാപിത സംഘങ്ങള്‍ ,മത പ്രചാരണവും വാദപ്രതിവാദവും സ്ഥിരം തൊഴിലാക്കിയ ചില സംഘങ്ങള്‍ , അപൂര്‍വം ചില മലയാള നാട്ടുകാര്‍, ഭാഷാ സ്നേഹികള്‍ , സാഹിത്യ ബാന്ധവക്കാര്‍ , പിന്നെ ഏറെയും പ്രവാസികള്‍ ജീവിതത്തില്‍ നിന്നോറ്റപ്പെട്ടു മണലരണ്യത്തിലും മറ്റുനാടുകളിലും വിയര്‍പ്പൊഴുക്കി അതിജീവനത്തിനു മല്ലിടുന്നവര്‍ .അവരുടെ ഏകാന്തതയില്‍ ബ്ലോഗ് എഴുത്ത് ആശ്വാസമാകും, തീര്‍ച്ച .
ഞാനോ?
ഞാനുമൊരു പ്രവാസിയാണല്ലോ, സ്വന്തം രാജ്യത്തില്‍ , പിറന്ന മണ്ണില്‍ , ബന്ധങ്ങളുടെ കെട്ടുപാടുകളിലും മനസ്സു പ്രവാസത്തിലാണ്. ചുറ്റുമുളളവരില്‍ നിന്നും അനേകം മൈല്‍ ദൂരെ , കണ്ണെത്താദൂരെ , ഒറ്റപ്പെട്ട തുരുത്തില്‍ മനസ്സു ഏകാന്തതയില്‍ അലയുന്നു; മറ്റാരും കടന്നു വരാനില്ലാതെ . മരവിച്ച മനസ്സിന് മോചനം വേണ്ടേ , ബ്ലോഗ് എഴുത്ത് എന്നെയും കൂട്ടാതിരിക്കില്ല .
എഴുത്ത് എനിക്ക് പുതിയതാണോ ? അല്ലല്ലോ .
ഞാന്‍ എഴുതിയിരുന്നു , ഉറക്കം വരാത്ത രാത്രികളില്‍ , ബാല്‍ക്കണിയിലെ നക്ഷത്രക്കൂട്ടങ്ങളെ നോക്കിയിരുന്നു ഞാന്‍ പലതും എഴുതിക്കൂട്ടി. കടലാസ് കൂടിലാക്കി പ്രസിദ്ധീണത്തിനിട്ടു . പ്രസാധകാര്‍ ഭാരത സര്‍ക്കാര്‍ തപാല്‍ വകുപ്പ്, വായനക്കാരി ഒരാള്‍ മാത്രം .കുറിപ്പുകള്ക്കും അഭിപ്രായങ്ങള്‍ക്കും കാത്തിരിക്കാതെ അടുത്ത എഴുത്തിലേക്ക്‌. ലോകത്തിലെ സര്‍വ ചരാചരങ്ങളെ ക്കുറിച്ചും എഴുതി ,മനസ്സിലെ വ്യഥകള്‍ എഴുതി , ആകുലതകള്‍ എഴുതി , മനസ്സു ശാന്തമാക്കാന്‍ ശ്രമിച്ചു. കുറിപ്പുകള്‍ വരാതിരുന്നില്ല , പക്ഷെ ലക്ഷ്യം അതായിരുന്നില്ലെന്നു മാത്രം . ഉറക്കം വരാത്ത ഓരോ രാത്രികളിലും എഴുതി , എഴുതി മടുക്കുമ്പോള്‍ പുസ്തകങ്ങളില്‍ മുഖം പൂഴ്ത്തി . ഒരു ദിനം ആ ചോദ്യം കണ്ടു ഞാന്‍ ഞെട്ടി , "ഇക്കാക്കാ ഇതിന്റെ ആഖ്യാദം എവിടെ ?" , അബ്ദുല്‍ ഖാദര്‍ ആയിരുന്നു , വൈക്കം മുഹമ്മദ് ബഷീറിനോട്‌ .ഞാനും തിരഞ്ഞു.എന്റെ എഴുത്തിലെ ആഖ്യയും ആഖ്യാദവും എവിടെ ? ബോധ്യമായി , ഇതെഴുത്തല്ല .കേവലം സംഭാഷണങ്ങള്‍ മാത്രം,മുന്നില്‍ എന്റെ വായനക്കാരി .
ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു , വിഷയങ്ങള്‍ മാത്രം തീര്‍ന്നില്ല .ഒരു ദിനം ആ സംഭാഷണവും മുറിഞ്ഞു. മേവിലാസം കാണ്മാനില്ല എന്നറിയിച്ചു എഴുത്ത് മടങ്ങി. അതോടെ മഷിയോഴുക്ക് നിലച്ചു . പിന്നെ മനസ്സില്‍ കോറിയിട്ടു, എല്ലാം എല്ലാം .
ഇവിടെ വീണ്ടും എഴുത്ത് പുനരാരംഭിക്കയാണ് , പക്ഷെ മഷിയില്ല .
വായനക്കാരുണ്ടാവാം, ഇല്ലാതെയ്‌മിരിക്കാം .
എത്ര കാലം ?
അതും തീര്‍ച്ചയില്ല , മനസ്സിന്റെ ഉറവകള്‍ വറ്റുവോളം , അത്രയേ ഉറപ്പുള്ളൂ.
ഇപ്പോള്‍ ഞാന്‍ ആഖ്യയും ആഖ്യാദവും തിരയുകയാണ് , പെറുക്കിയെടുക്കാം എന്നിട്ടെഴുത്ത് തുടങ്ങാം .

Thursday, July 3, 2008

കാട്

കാട് എന്നുമെനിക്കൊരു ഹരമാണ് , വിശേഷണം എത്രത്തോളം ആശയസംവേദകം എന്ന് ബോധ്യമില്ല , എന്കിലോ അതെന്നെ ആകര്‍ഷിക്കുന്നു, ഒരു ലഹരിയായ് ഉന്മാദത്തിലാഴ്ത്തുന്നു , പിരിമുരുക്കങ്ങളില്‍ മനസ്സിനെ ഇളവ് ചെയ്യുന്നു. എന്താണിങ്ങനെ, പൂര്‍വ ജന്മത്തിലെ തറവാടായാതിനാലോ ? അതോ ഹരിതാഭമായ ഇലക്കൂട്ടങ്ങള്‍ ഉച്ഛ്വസിക്കും പ്രാണവായുവിന്‍ മാധുര്യമോ ? ആ യാത്രകളുടെ സ്മരണകള്‍ മതി മനസ്സു ശാന്തമാകാന്‍. കാനനവാസ സന്കല്‍പ്പത്തിലുള്ള ബ്രഹ്മചാരി സന്കേതം കണ്ടു വണന്ങാന്‍ മൈലുകള്‍ താണ്ടി വര്ഷാവര്‍ഷം യാത്രയാകുന്നത് ഈ ആകര്‍ഷണത്താല്‍ തന്നെ .

ശാസ്ത്രപഠനമോഹം തീരാഞ്ഞ് അലയവേ വീണുകിട്ടിയ രണ്ടാം ഘട്ട വിദ്യാര്ത്ഥിജീവിതം പ്രധാനമായും നല്കിയത് വനവാസമായിരുന്നു. വായനാടിന്റെയും ഇടുക്കിയുടെയും സൌന്ദര്യം ആവോളം നുകര്‍ന്ന് മത്തനായി. സഹായഹസ്തം നീട്ടിയത് എന്റെ പ്രിയ സുഹൃത്ത് , വൈദ്യം വനപാലനത്തിന് വഴിമാറി എത്തിയവന്‍ , കാടിനെ സ്നേഹിക്കുന്നവന്‍, കാടിനെ അറിയുന്നവന്‍ ,ഒരിക്കല്‍ മാത്രം പിഴച്ചു ,ഒരു സായംസന്ധ്യയില്‍ വഴിതെറ്റി പായവേ ഒരു കരടിപ്പെണ്ണിന് ഈറ്റില്ലത്തില്‍ പെട്ട അവനെ അവള്‍ തെറ്റിധരിച്ചു . ആക്രമിച്ചു , തേന്‍കൂടുകള്‍ കണക്കെ മുഖവും ശരീരവും ചീന്തിപ്പോളിച്ചു, രക്തമൂറ്റി ,മാംസം ചിന്തി . വിധിയുടെ പിന്ബലത്താല്‍, ആത്മബലത്തിന്‍ കരുത്തില്‍ മാത്രം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അവന്‍ എന്റെ ഗുരുവായി .


സ്ഥലകാലങ്ങള്‍ അപ്രസക്തങ്ങളാണ് കാട്ടില്‍. സൂചികള്‍ വലംചുറ്റിതിരിഞ്ഞാലും ഇടംതിരിഞ്ഞാലും കാടിന് മാറ്റമില്ല .ചിലപ്പോള്‍ തോന്നും ഒരു വലിയ കളവാണ് കാടെന്നു . കാഴ്ച്ചയുടെ വെളിച്ചത്തിനപ്പുറം ആരോ മറഞ്ഞിരിക്കുന്നുണ്ടോ , ഒരു പക്ഷെ മരണമാകാം , കടിച്ചു കീറാന്‍ തയ്യാറെടുക്കുന്ന ഒരു ഈറ്റപ്പുലിയേപ്പോലെ .ശാന്തമായ പീച്ചി ജലസംഭരണിക്ക് ഓരം ചേര്ന്നു ഒരു രാത്രി ഒത്തുകൂടവേ , വെളിച്ചം വിളിച്ചു വരുത്തിയ വനപാലകന്‍ പറഞ്ഞു ,അവിടെനിന്നും പുലിയെ കണ്ടു പാഞ്ഞ കഥ. ഒരുവേള ബത്തേരിയില്‍ നിന്നും മൈസൂര്‍ വഴിയില്‍ അലയവേ കുറ്റിക്കാടുകള്‍ വിളിച്ചത്കേട്ടു ഫോട്ടോ എടുപ്പിനായി ഇറങ്ങി . മരച്ചുവട്ടില്‍ , റോഡിനു നടുവില്‍ , പൊന്തയുടെ തണലില്‍ , അങ്ങിനെ അങ്ങിനെ നിരവധി . കാറിലേക്ക് കയറവേ പോന്തകള്‍ അനങ്ങി ,ഒരു കാട്ടാനക്കൂട്ടം അതാ പോകുന്നു ഒന്നുമറിയാത്തഭാവത്തില്‍. മറ്റൊരിക്കല്‍ മംഗളാദേവിയില്‍ (കുമളി) നിന്നും മടങ്ങവേ പൊടുന്നനെ പെയ്ത മഴയില്‍ വഴികള്‍ നഷ്ടമായി . ഇരുളില്‍ നടന്നു കയറിയത് മുപ്പതോളം വരുന്ന ആനക്കൂട്ടത്തില്‍.ഇരുട്ട് കട്ടിപിടിച്ചതിനാല്‍ മരക്കൊമ്പത്ത് പുലരുവോളം . മുന്നറിയിപ്പുകള്‍ അനവധി .

എങ്ങിലും ഞാന്‍ കാടിനെ സ്നേഹിക്കുന്നു .അതിന്റെ ഓര്‍മ്മകള്‍ മാത്രം മതി മനസ്സു ശാന്തമാകാന്‍ .