Thursday, July 3, 2008

കാട്

കാട് എന്നുമെനിക്കൊരു ഹരമാണ് , വിശേഷണം എത്രത്തോളം ആശയസംവേദകം എന്ന് ബോധ്യമില്ല , എന്കിലോ അതെന്നെ ആകര്‍ഷിക്കുന്നു, ഒരു ലഹരിയായ് ഉന്മാദത്തിലാഴ്ത്തുന്നു , പിരിമുരുക്കങ്ങളില്‍ മനസ്സിനെ ഇളവ് ചെയ്യുന്നു. എന്താണിങ്ങനെ, പൂര്‍വ ജന്മത്തിലെ തറവാടായാതിനാലോ ? അതോ ഹരിതാഭമായ ഇലക്കൂട്ടങ്ങള്‍ ഉച്ഛ്വസിക്കും പ്രാണവായുവിന്‍ മാധുര്യമോ ? ആ യാത്രകളുടെ സ്മരണകള്‍ മതി മനസ്സു ശാന്തമാകാന്‍. കാനനവാസ സന്കല്‍പ്പത്തിലുള്ള ബ്രഹ്മചാരി സന്കേതം കണ്ടു വണന്ങാന്‍ മൈലുകള്‍ താണ്ടി വര്ഷാവര്‍ഷം യാത്രയാകുന്നത് ഈ ആകര്‍ഷണത്താല്‍ തന്നെ .

ശാസ്ത്രപഠനമോഹം തീരാഞ്ഞ് അലയവേ വീണുകിട്ടിയ രണ്ടാം ഘട്ട വിദ്യാര്ത്ഥിജീവിതം പ്രധാനമായും നല്കിയത് വനവാസമായിരുന്നു. വായനാടിന്റെയും ഇടുക്കിയുടെയും സൌന്ദര്യം ആവോളം നുകര്‍ന്ന് മത്തനായി. സഹായഹസ്തം നീട്ടിയത് എന്റെ പ്രിയ സുഹൃത്ത് , വൈദ്യം വനപാലനത്തിന് വഴിമാറി എത്തിയവന്‍ , കാടിനെ സ്നേഹിക്കുന്നവന്‍, കാടിനെ അറിയുന്നവന്‍ ,ഒരിക്കല്‍ മാത്രം പിഴച്ചു ,ഒരു സായംസന്ധ്യയില്‍ വഴിതെറ്റി പായവേ ഒരു കരടിപ്പെണ്ണിന് ഈറ്റില്ലത്തില്‍ പെട്ട അവനെ അവള്‍ തെറ്റിധരിച്ചു . ആക്രമിച്ചു , തേന്‍കൂടുകള്‍ കണക്കെ മുഖവും ശരീരവും ചീന്തിപ്പോളിച്ചു, രക്തമൂറ്റി ,മാംസം ചിന്തി . വിധിയുടെ പിന്ബലത്താല്‍, ആത്മബലത്തിന്‍ കരുത്തില്‍ മാത്രം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അവന്‍ എന്റെ ഗുരുവായി .


സ്ഥലകാലങ്ങള്‍ അപ്രസക്തങ്ങളാണ് കാട്ടില്‍. സൂചികള്‍ വലംചുറ്റിതിരിഞ്ഞാലും ഇടംതിരിഞ്ഞാലും കാടിന് മാറ്റമില്ല .ചിലപ്പോള്‍ തോന്നും ഒരു വലിയ കളവാണ് കാടെന്നു . കാഴ്ച്ചയുടെ വെളിച്ചത്തിനപ്പുറം ആരോ മറഞ്ഞിരിക്കുന്നുണ്ടോ , ഒരു പക്ഷെ മരണമാകാം , കടിച്ചു കീറാന്‍ തയ്യാറെടുക്കുന്ന ഒരു ഈറ്റപ്പുലിയേപ്പോലെ .ശാന്തമായ പീച്ചി ജലസംഭരണിക്ക് ഓരം ചേര്ന്നു ഒരു രാത്രി ഒത്തുകൂടവേ , വെളിച്ചം വിളിച്ചു വരുത്തിയ വനപാലകന്‍ പറഞ്ഞു ,അവിടെനിന്നും പുലിയെ കണ്ടു പാഞ്ഞ കഥ. ഒരുവേള ബത്തേരിയില്‍ നിന്നും മൈസൂര്‍ വഴിയില്‍ അലയവേ കുറ്റിക്കാടുകള്‍ വിളിച്ചത്കേട്ടു ഫോട്ടോ എടുപ്പിനായി ഇറങ്ങി . മരച്ചുവട്ടില്‍ , റോഡിനു നടുവില്‍ , പൊന്തയുടെ തണലില്‍ , അങ്ങിനെ അങ്ങിനെ നിരവധി . കാറിലേക്ക് കയറവേ പോന്തകള്‍ അനങ്ങി ,ഒരു കാട്ടാനക്കൂട്ടം അതാ പോകുന്നു ഒന്നുമറിയാത്തഭാവത്തില്‍. മറ്റൊരിക്കല്‍ മംഗളാദേവിയില്‍ (കുമളി) നിന്നും മടങ്ങവേ പൊടുന്നനെ പെയ്ത മഴയില്‍ വഴികള്‍ നഷ്ടമായി . ഇരുളില്‍ നടന്നു കയറിയത് മുപ്പതോളം വരുന്ന ആനക്കൂട്ടത്തില്‍.ഇരുട്ട് കട്ടിപിടിച്ചതിനാല്‍ മരക്കൊമ്പത്ത് പുലരുവോളം . മുന്നറിയിപ്പുകള്‍ അനവധി .

എങ്ങിലും ഞാന്‍ കാടിനെ സ്നേഹിക്കുന്നു .അതിന്റെ ഓര്‍മ്മകള്‍ മാത്രം മതി മനസ്സു ശാന്തമാകാന്‍ .

4 comments:

അനില്‍@ബ്ലോഗ് // anil said...

ഇതൊരു പുതിയ ശ്രമമാണു. ജീവിതം നല്‍കിയ അനുഭവങ്ങളും വേദനകളും പങ്കുവക്കാന്‍ ഒരിടം.
താങ്കള്‍ക്കും പങ്കുചേരാം.

ഗിരീഷ്‌ എ എസ്‌ said...

കാട്ടിലൂടെ സഞ്ചരിക്കാന്‍
എന്നുമൊരു കൗതുകമാണ്‌...
മറ്റൊരു ലോകത്തെത്തിയ പോലെ തോന്നും..
ശുദ്ധവായുവും പച്ചപ്പും
കൂടികലര്‍ന്ന മനോഹരമായ
അനുഭൂതി സമ്മാനിക്കുന്നു അത്‌...

ഒരു സുന്ദരസ്വപ്‌നം പോലെ...

അനില്‍@ബ്ലോഗ് // anil said...

നന്ദി ദ്രൌപതി,
സ്വപ്നം പങ്കുവച്ചതിനു.

Unknown said...

കാട് എന്നും മനോഹരമാണ്.
അതിനെകുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളുമായി
ഒരു പോസ്റ്റ് പോരട്ടേ