Friday, August 15, 2008

ഭയം

സ്കൂള്‍ വിട്ടു മടങ്ങാനവനു മടി തോന്നി.
നന്നായി വിശക്കുന്നുണ്ടായിരുന്നു,വീട്ടിലാണെങ്കില്‍ അമ്മ ദോശ ചുട്ടുവച്ചിട്ടുണ്ടാവും,
എങ്കിലും കാലുകള്‍ നീങ്ങുനില്ല.
നാളെ ശനിയാഴ്ചയാണു,രണ്ടാം ശനി,സ്കൂളിനവധിയാണു.
രണ്ടു ദിവസം മുഴുവന്‍ വീട്ടിലിരിക്കുന്നതു ആലോചിക്കാനെ വയ്യ.
ഭൂമിയുടെ അച്ചുതണ്ടെവിടെയാണോ വച്ചിരിക്കുന്നതു !? കണ്ടിരുന്നെങ്കില്‍ കറക്കി വിടാമായിരുന്നു.
പതിയെ പടവുകളിറങ്ങി പഴയാ കിണറിനടുത്തേക്കു നടന്നു.
വലിയ ആഴമില്ലാത്ത പൊട്ടക്കിണറാണു, വീതിയുള്ളരിഞ്ഞാണുകള്‍, ഇറങ്ങാന്‍ ഏറെ ആയാസപ്പെടെണ്ട.
ചവിട്ടിയിറങ്ങിയ കെട്ടുകള്‍ നോക്കിയിരിക്കെ, വൃത്താകൃതിയിലുള്ളാകാശം അവനു മേല്‍ ഇരുളാന്‍ തുടങ്ങി.

വീട്ടിലെത്തിയതു വൈകിയാണു.
ദോശ മരവിച്ചുപോയിരിക്കുന്നു.പക്ഷെ അമ്മയുടെ ചൂരലിന്റെ ചൂടില്‍ തണുപ്പവനറിഞ്ഞില്ല.
പെട്ടന്നു കടന്നു വന്നയാളെക്കണ്ടവന്‍ കരച്ചില്‍ നിറുത്തി, ശാരിമോളുടെ അച്ഛന്‍. രവിമാമനെപ്പോഴാണാവൊ വന്നതു?! സന്തോഷംകൊണ്ടു തുള്ളിച്ചാടി കൂടെപ്പായവേ കണ്ണീരുണങ്ങി.
മാമന്റെ തോളിലിരുന്നു കുഞ്ഞാവ മുടി പിടിച്ചു വലിക്കുകയാണ്, മിഠായിക്കുവേണ്ടി കൈ നീട്ടുന്നുമുണ്ടു. അവനുകിട്ടിയ വീതത്തില്‍നിന്നും സ്നേഹപൂര്‍വം ഒന്നെടുത്തു കൊടുത്തു. രവിമാമനങ്ങിനെയാണു, എന്നു വരുമ്പോഴും മിഠായി കൊണ്ടുവരും. അജിയുടെ അച്ഛനും വരുമായിരിക്കും, അതാണു അവനിത്ര സന്തോഷം.തൊട്ടപ്പുറത്തെ മുറിയാണേലും കുറുമ്പനാണു, വല്യ ഗമയും. മിണ്ടുകയുമില്ല.
ശാരിമോളാണു നല്ല കുട്ടി,ശാന്ത ടീച്ചറുടെ മകള്‍, അവള്‍ക്കൊപ്പം മുട്ടിലിഴഞ്ഞാണു കാലിലെ തൊലിപോയതു, ഉണങ്ങാറായിരിക്കുന്നു.
രണ്ടവധി ദിവസങ്ങള്‍ പെട്ടെന്നോടിത്തീരുമല്ലോ എന്നൊര്‍ത്തപ്പോള്‍ വിഷമം തോന്നാതിരുന്നില്ല.

ഉറക്കം തൊട്ടുവിളിച്ചപ്പോഴാണ്‍ അമ്മയെ ഓര്‍ത്തത്. മനസ്സവിടെ ഉപേക്ഷിച്ചവന്‍ മടങ്ങി.
ഒരു നിമിഷം; മുറിയിലിരിക്കുന്നയാളെ നോക്കിനില്‍ക്കവെ കണങ്കാല്‍ വഴി അരിച്ചുകയറുന്നതു ഭയമാണെന്നവന്‍ തിരിച്ചറിഞ്ഞു.
അവിടെയതാ അച്ഛന്‍ !
ചീളുകളായ് ഇടനെഞ്ചില്‍‍ത്തറക്കുന്ന വാക്കുകളവിടെ ചിതറി വീഴും മുന്‍പേ, അവനോടി കരിമ്പടത്തില്‍ രക്ഷ തേടി. രണ്ടു മനോഹര ദിനങ്ങളുടെ നഷ്ടത്തിലുറപ്പൊട്ടിയ കണ്ണീ്രിണകെട്ടാന് മിഠായിപ്പൊതിക്കായില്ല. പാതിരാവില്‍ കടന്നുവന്നേക്കാവുന്ന ദുഃസ്വപനങ്ങളേപ്പേടിച്ചു അവന്‍ കണ്ണുകള്‍ മലര്‍ക്കെ തുറന്നു വച്ചു.

Friday, August 8, 2008

അനുരാഗ ബീജം

സഈദ, അതാണവളുടെ പെര്‍.
സുന്ദരമായ നീണ്ട മുഖം,തിളങ്ങുന്ന കണ്ണുകള്‍.
എന്തൊരു ചന്തമാണെന്നൊ !
മുന്‍ബഞ്ചില്‍ ഓരം ചേര്‍ന്നു പറ്റിക്കൂടിയിരിക്കും,ഒരു മുയല്‍ക്കുഞ്ഞുകണക്കെ.
ക്ലാസ്സിലെത്തിയാല്‍ അവന്റെ കണ്ണുകള്‍ ആദ്യമവിടേക്കാണെത്തുക,ഒരു ദര്‍ശനം.
ആകെഒരുന്മേഷമാണ് പിന്നെ, എന്താണെന്നറിയില്ല.
അന്നും പതിവുപോലെ അങ്ങോട്ടാണു നോക്കിയതു, മനസ്സുകെട്ടു,അവിടം ശൂന്യം.ഉത്സാഹമെല്ലാം പൊടുന്നനവെ ചോര്‍ന്നുപോയപോലെ.വെയില്‍ അപ്രത്യക്ഷമായൊ, ആകെ ഒരു മൂടല്‍.വിളറിയ ഭിത്തിയിലെ കറുത്ത ബോര്‍ഡില്‍ തെളിയുന്നതു അവളുടെ മുഖം മാത്രം.
മാഷെന്തോ ചോദിച്ചൊ? അന്തിച്ചു നിന്നുപൊയി, എപ്പോഴാണു ബെല്ലടിച്ചത്?
മാഷു ക്ലാസ്സിലെത്തിയതറിഞ്ഞില്ല.പദ്യമാണു ചൊല്ലുന്നതെന്നു തോന്നുന്നു,കുട്ടികള്‍ ചിരിച്ചു.
അടുത്തുവരുന്ന മാഷിന്നു മുന്‍പില്‍ സ്ഥലകാല ബോധം വീണ്ടെടുത്തു അവന്‍ നിന്നു, ഒരു കുറ്റവാളിയെപ്പോലെ.


"എന്താടോ പറ്റിയതു?", കരുണാര്‍ദ്രമായ ചോദ്യം.
"ഇല്ല സാര്‍, ഒന്നുമില്ല", അവന്റെ മറുപടിയില്‍ തൃപ്തിയാവാതെ മാഷുനോക്കിനിന്നു.
"സുഖമില്ലെങ്കില്‍ സ്റ്റാഫ് റൂമില്‍ പൊയി വിശ്രമിച്ചോളൂ", അനുവാദം കിട്ടിയതാശ്വാസമായി,പുറത്തിറങ്ങി നടന്നു.
സ്റ്റാഫ് റൂമിലേക്കല്ല,ആ കിനറ്റിന്‍ കരയിലേക്കു, വലിയ കാഞ്ഞിരമരത്തിന്നടിയില്‍ ഇരിക്കാനെന്താശ്വാസം.മഞ്ഞ നിറമുള്ള പുള്ളിക്കായ്കള്‍ !
എന്തു കാര്യം, തിന്നാന്‍ പറ്റില്ല. എങ്കിലും നോക്കിയിരിക്കാന്‍ രസമാണു.ഇടിഞ്ഞ മതില്‍ക്കെട്ടിനു മുകളിലൂടെ നെല്‍പ്പാടങ്ങള്‍ കാണാം, അങ്ങൊട്ടു പോയാലോ? ചെറിയ കൈത്തോട്ടിലെ കുഞ്ഞുമീനുകളെ പിടിക്കാം,തന്റെ കൊച്ചു വീടുമായി അരിച്ചു നടക്കുന്ന ഒച്ചുകളെക്കാണാം.പാടവരമ്പത്തെ കൊറ്റികള്‍ വിളിക്കുന്നപോലെ തോന്നുന്നുവോ?
അതുമാത്രമാണൊ?
തോട്ടുവരമ്പു നയിക്കുന്നതു അവളുടെ വീട്ടിലേക്കാണു, ഒന്നു പൊയിനോക്കിയാലോയെന്നു അവനാലോചിക്കാതിരുനില്ല.
പനിയായിരിക്കും ചിലപ്പോള്‍,അല്ലെങ്കില്‍ ചുമയായിരിക്കും.ബോര്‍ഡു തുടക്കുന്ന ഡസ്റ്ററാല്‍ അവളുടെ മുഖത്തു പൌഡറിട്ടതില്‍ തെല്ലു കുറ്റബോധം തോന്നാതിരുന്നില്ല.പതിയെ ഇടവഴിയിലേക്കിറങ്ങി.എന്താണവിടേക്കു നയിക്കുന്നതു,മനസ്സിനെന്താണു നൊമ്പരം, അവനറിയില്ല.
പാടവരമ്പത്തതാ കുറേ ആളുകള്‍ ,തൊപ്പിക്കുടയും സഞ്ചിയുമുണ്ടു, പാടമൊരുക്കുന്നു. കാളകള്‍ ചെളിവെള്ളത്തില്‍ കുതിച്ചു പായുന്നു,തൊട്ടുപുറകിലെ മരത്തടിയിലതാ ഒരാള്‍, വീഴുമെന്നു തോന്നും.ചെളിയുടെ മണം പക്ഷെ തള്ളിവീഴ്തിയതവനേയാണു.പാടത്തിറങ്ങിയ അവന്‍ വരിലൊരാളായി, വിശപ്പു മറന്നു,അവളെ മറന്നു.


വീട്ടിലാരോ ഉള്ളതുപോലെ,മടിച്ചു മടിച്ചു കയറിച്ചെന്ന രൂപം കണ്ടവര്‍ ഞെട്ടിയെന്നു തൊന്നുന്നു,ചളിയില്‍ മൂടി സ്തംബ്ദ്ധനായി നിന്ന അവന്‍ ഒരു കളിമണ്‍ പ്രതിമപോലെ തൊന്നിയിരിക്കാമവര്‍ക്കു.
സഈദയാണു!!!
കൂടെ അവളുടെ വാപ്പിച്ചിയും.
വടിയെടുക്കാനമ്മക്ക് അവസരം കൊടുക്കാതെ കുളിമുറിയിലേക്കവന്‍ പാഞ്ഞു.
മനസ്സു കുളിര്‍ത്തു, ശരീരവും.
അപ്രതീക്ഷിത അതിഥികള്‍ !
കൂടെ അടി കിട്ടില്ലെന്ന ആശ്വാസവും, അവര്‍ പൊയ്ക്കഴിയുമ്പോഴേക്കു, അമ്മയുടെ മറവി എല്ലാം വിഴുങ്ങിയിരിക്കും.
തുടിക്കുന്ന ഹൃദയത്തോടെ സ്വീകരണമുറിയിലവന്‍ ഇരുന്നു.
അവള്‍ പുഞ്ചിരിക്കുകയാണു, നിലാവുകണക്കെ.
ഒരു പൊതി അവനു നേരെ നീട്ടി, പത്തു മിഠായികള്‍, അവളുടെ പത്താം പിറന്നാളാണന്നു.
മധുരം നുണഞ്ഞു അവരൊന്നിച്ചു മുറ്റത്തേക്കോടി,
കണ്ണാരം പൊത്തിക്കളിക്കാന്‍.